ചെന്നൈ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് മൂന്ന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടി ചെന്നൈയിൽ അറസ്റ്റിൽ. വേറെ ആളുകളെ വച്ച് പരീക്ഷയെഴുതി അഡ്മിഷൻ വാങ്ങിയെന്ന് വിവരം കിട്ടിയതിനെത്തുടർന്നാണ് തമിഴ്‍നാട് സിബിസിഐഡി ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ മലയാളിയായ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കൊപ്പം കേസുമായി ബന്ധപ്പെട്ട് റാഫി, മുഹമ്മദ് ഷാഫി എന്നിവരെയും സിബിസിഐഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017 മുതല്‍ തമിഴ്നാട്ടില്‍  പ്രവേശനം നേടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ ബേസ് പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.

എസ്ആർഎം മെഡിക്കൽ കോളേജ്, ശ്രീബാലാജി മെഡിക്കൽ കോളേജ്, സത്യ സായി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് പിടികൂടിയിരിക്കുന്നത്. രഹസ്യവിവരത്തെത്തുടർന്നാണ് ഇവരുടെ രേഖകൾ പരിശോധിച്ചതെന്ന് സിബിസിഐഡി വ്യക്തമാക്കി.

എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഭിരാമിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനാണ്. അതിനാൽ അറസ്റ്റ് നടപടിയിലേക്ക് കടന്നില്ലെന്നും സിബിസിഐഡി വ്യക്തമാക്കുന്നു.

തേനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ ഉദിത് സൂര്യയിൽ നിന്നാണ് ഈ കേസിന്‍റെ ചുരുളഴിഞ്ഞു തുടങ്ങുന്നത്. എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്.

തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടാക്കിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി. രക്ഷിതാവിനെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് അന്തര്‍സംസ്ഥാന തട്ടിപ്പ് ശൃംഖലയുടെ സൂചനയാണ് ലഭിച്ചത്. ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്‍റെ മൊഴി. മഹാരാഷ്ട്ര, ബെംഗളുരു, ലക്നൗ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങളായി ഇവര്‍ തെരഞ്ഞെടുത്തിരുന്നത്. എന്‍ട്രന്‍സ് പരിശീലകരോ എംബിബിഎസ് വിദ്യാര്‍ത്ഥികളോ ആയിരിക്കാം പരീക്ഷ എഴുതിയെതന്നാണ് പൊലീസ് കരുതുന്നത്. സിബിസിഐഡി സംഘം ഏറ്റെടുത്ത അന്വേഷണം ഒടുവില്‍ എത്തിനില്‍ക്കുന്നത് മലയാളികളായ ഇടനിലക്കാര്‍ക്ക് മുന്നിലാണ്. 

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിയായ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫ്, റാഫി, മുഹമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുംബൈയിലെ മുഖ്യസൂത്രധാരന് ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും, ബാക്കി ഇരുപത് ലക്ഷം പ്രവേശനലിസ്റ്റില്‍ ഇടംപിടിച്ചതിന് ശേഷം കൈമാറിയെന്നുമാണ് മൊഴി. മുംബൈ ആസ്ഥാനമായി നിരവധി പേര്‍ തട്ടിപ്പില്‍ ഭാഗമായോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. മഹാരാഷ്ട്രയ്ക്കും ഉത്തര്‍പ്രദേശിനും പുറമേ മലയാളി വിദ്യാര്‍ത്ഥികളും തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്. നീറ്റ് തുടങ്ങിയ വര്‍ഷം മുതല്‍ ആള്‍മാറാട്ടം നടത്തി പ്രവേശനം നേടിയവര്‍ ചെന്നൈയിലെ കോളേജുകളില്‍ പഠിക്കുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് കേസിൽ കൂടുതൽ അറസ്റ്റുണ്ടായിരിക്കുന്നത്.