ദില്ലി: അന്തരിച്ച മുന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ പേരില്‍ ലഭിക്കേണ്ട പെന്‍ഷന്‍ തുക വേണ്ടെന്ന് വെച്ച് അദ്ദേഹത്തിന്‍റെ കുടുംബം. രാജ്യസഭയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ പെന്‍ഷന്‍ തുക നല്‍കണമെന്നും ജെയ്റ്റ്‍ലിയുടെ ഭാര്യ സംഗീത ജെയ്റ്റ്‍ലി രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

രാജ്യസഭയിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കാണ് പണം നല്‍കാന്‍ കുടുംബം ആവശ്യപ്പെടുന്നത്. 1999 മുതല്‍ രാജ്യഭാംഗമായ ജെയ്റ്റ്‍ലിക്ക് അധിക പെന്‍ഷനായി ലഭിക്കുന്ന 22,500 രൂപ ഉള്‍പ്പെടെ കുറഞ്ഞത് 50,000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. പാര്‍ലമെന്‍റ് അംഗങ്ങള്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍ തുകയുടെ അമ്പത് ശതമാനമാണ് ലഭിക്കുന്നത്. ഇതനുസരിച്ച് ജെയ്റ്റ്‍ലിയുടെ കുടുംബത്തിന് പ്രതിമാസം 25,000  രൂപയാണ് ലഭിക്കേണ്ടത്. ഓഗസ്റ്റ് 24 നാണ് ജെയ്റ്റ്‍ലി അന്തരിച്ചത്.