ദില്ലി: കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷനെ പിന്തുണച്ച്  അരുൺ ഷൂരി. ജഡ്ജിമാരുടെ ഗരിമ നിശ്ചയിക്കുന്നത് അവരുടെ പ്രവർത്തികൾ ആണെന്നും, അല്ലാതെ ട്വീറ്റുകളല്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം. കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറയാൻ  പ്രശാന്ത് ഭൂഷണ് 2 ദിവസത്തെ അനുമതിയാണ് സുപ്രീംകോടതി നൽകിയ സാഹചര്യത്തിലാണ് പ്രതികരണം.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശമാണ് പ്രശാന്ത് ഭൂഷണെതിരായ കേസിന് കാരണം. കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നതില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പങ്കുവഹിച്ചെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.  കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ രണ്ട് ട്വീറ്റുകളാണ് കോടതിയലക്ഷ്യ കേസിന് കാരണം.

'വരും കാലത്ത് ചരിത്രകാരന്മാര്‍ പിന്നിലോട്ട് തിരഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം അടിയന്തരാവസ്ഥയുടെ ആവശ്യകത പോലുമില്ലാതെ എങ്ങനെ ഇല്ലാതാക്കി എന്നതില്‍ സുപ്രീം കോടതിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ബോധ്യമാകും. പ്രത്യേകിച്ച് നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക്;-എന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ വിവാദപരമായ ട്വീറ്റ്. ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു. 

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി നിരുപാധികം മാപ്പ് അപേക്ഷിക്കാന്‍ രണ്ട് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നിലപാടിൽ മാറ്റമില്ലെന്നും കോടതിയുടെ ഔദാര്യം വേണ്ടെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിട്ടുണ്ട്.  പ്രസ്താവന തിരുത്താൻ തയ്യാറാണോ എന്ന് പ്രശാന്ത് ഭൂഷണോട് കോടതി ചോദിച്ചിരുന്നു. എന്നാൽ പ്രസ്താവനയിൽ മാറ്റമില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുൺമിശ്രയും അറിയിക്കുകയായിരുന്നു. 

'ആലോചിക്കൂ, സമയം തരാം', എന്ന് സുപ്രീംകോടതി, ഔദാര്യം വേണ്ടെന്ന് ഉറച്ച് പ്രശാന്ത് ഭൂഷൺ