Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് അടക്കം സ്ഥാനാർഥികളെ പിൻവലിച്ചു, തെരഞ്ഞെടുപ്പ് നടക്കും മുമ്പ് അഞ്ച് ബിജെപി സ്ഥാനാർഥികൾ എംഎൽഎമാരാകും

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളാണ് ബിജെപി നേടിയത്. പിന്നീട് മറ്റ് പാർട്ടികളിൽ നിന്ന് ഏഴ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

Arunachal CM among 5 BJP candidates to win unopposed before election prm
Author
First Published Mar 28, 2024, 4:53 PM IST

 ഇറ്റാനഗർ: പത്രിക സമർപ്പിക്കുന്നതിൻ്റെ അവസാന ദിവസമായ ബുധനാഴ്ച മറ്റൊരു സ്ഥാനാർത്ഥിയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാത്തതിനാൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെടും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയില്ലെങ്കിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30

ആണ്.   60 അംഗ നിയമസഭയിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും.  നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 2 നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ 4 നും പ്രഖ്യാപിക്കും. മൂന്ന് തവണ എതിരില്ലാതെ ജയിച്ച ഖണ്ഡു നാലാം തവണയാണ് എംഎൽഎയാകാനൊരുങ്ങുന്നത്. തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. 

കോൺഗ്രസ് സ്ഥാനാർത്ഥികളടക്കം മറ്റ് സ്ഥാനാർഥികൾ ബുധനാഴ്ച സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനാൽ താലിയിൽ നിന്നുള്ള ജിക്കെ ടാക്കോ, താലിഹയിൽ നിന്നുള്ള ന്യാറ്റോ ഡുകോം, സഗലിയിൽ നിന്നുള്ള റാതു ടെച്ചി, റോയിംഗിൽ നിന്നുള്ള മുച്ചു മിതി എന്നിവരും എതിരില്ലാതെ വിജയിക്കും. അരുണാചൽ പ്രദേശിലെ 60 അസംബ്ലി സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷമായ കോൺഗ്രസ് 34 സ്ഥാനാർത്ഥികളെയും നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 29 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ)യും യഥാക്രമം 17 പേരെയും രണ്ട് പേരെയും നാമനിർദേശം ചെയ്തു. 

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളാണ് ബിജെപി നേടിയത്. പിന്നീട് മറ്റ് പാർട്ടികളിൽ നിന്ന് ഏഴ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. 2019ലെ തെരഞ്ഞെടുപ്പിൽ രണ്ട് ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. നിരവധി എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയുമായി കൈകോർത്ത് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ രൂപീകരിച്ചതിന് ശേഷം 2016ലാണ് മുഖ്യമന്ത്രി ഖണ്ഡു ബി.ജെ.പി സർക്കാർ രൂപീകരിച്ചത്.  2019-ൽ അരുണാചൽ പ്രദേശിൽ ബിജെപി ആദ്യമായി സർക്കാർ രൂപീകരിച്ചു. 

Follow Us:
Download App:
  • android
  • ios