അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു.
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. നാച്ചോ ഗ്രാമത്തിലെ റോഡ് നിർമ്മാണ സ്ഥലത്താണ് അപകടമുണ്ടായത്. ദിബാങ് വാലിയിൽ ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ നാല് പേർ ഇതുവരെ മരിച്ചു.
ദിബാങ് താഴ്‌വരയിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടമാണ് ഉണ്ടായത്. മിന്നൽ പ്രളയത്തിൽ നാല് പ്രദേശവാസികൾ മരിച്ചു. കാണാതായ അഞ്ച് സൈനികരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമ കേന്ദ്രങ്ങൾ പ്രളയ ജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഐ ടി ബി പി, എസ് ഡി ആർ എഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ് - ബയാചിംഗ് റോഡ് നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് നാല് പേർ മരിച്ചത്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ കുടുങ്ങി ക്കിടക്കുന്നവർക്കായി നാച്ചോ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും രക്ഷാപ്രവർത്തനം തുടരുകയാണ്.
