അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ വനിതയെ തടഞ്ഞുവെച്ചതിൽ കടുത്ത പ്രതിഷേധം ചൈനയെ അറിയിച്ച് ഇന്ത്യ. ഷാങ്ഹായി വിമാനത്താവളത്തിലാണ് ഇന്ത്യൻ വനിതയെ തടഞ്ഞുവെച്ചത്. ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും ഉന്നത വൃത്തങ്ങൾ
ദില്ലി:അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ വനിതയെ തടഞ്ഞുവെച്ചതിൽ കടുത്ത പ്രതിഷേധം ചൈനയെ അറിയിച്ച് ഇന്ത്യ. ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തിലാണ് യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വനിതയായ പെം തോങ്ഡോക്കിനെ തടഞ്ഞുവെച്ചത്. യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ ഷാങ്ഹായിയിൽ ഇറങ്ങിയത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യാഗസ്ഥർ അപമാനിച്ചതായാണ് ഇവര്‍ സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു. താൻ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരിയാണെന്ന് അവരെ അറിയിച്ചെന്നും പെം വ്യക്തമാക്കി. ശക്തമായ പ്രതിഷേധം ചൈനയെ ഇക്കാര്യത്തിൽ അറിയിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഷാങ്ഹായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഇന്ത്യൻ വനിതക്കാവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അന്യായമായ കാരണം പറഞ്ഞ് യാത്രക്കാരിയെ തടഞ്ഞുവെക്കുകയായിരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് അനിഷേധ്യമായ കാര്യമാണെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്രചെയ്യാനുള്ള അരുണാചലുകാരുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുവതിയുടെ വെളിപ്പെടുത്തൽ
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് യുവതി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ എക്സിലെ പോസ്റ്ര്. ഷാങ്ഹായി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് സമയത്ത് അവരുടെ ഇന്ത്യൻ പാസ്പോര്‍ട്ടിന്‍റെ സാധുതയെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്തെന്നാണ് പരാതി. ഇക്കഴിഞ്ഞ നവംബര്‍ 21നാണ് സംഭവം. 18 മണിക്കൂറോളം തന്നെ തടഞ്ഞുവെച്ചെന്നും തന്‍റെ ജന്മസ്ഥലമായ അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും അതിനാൽ ഇന്ത്യൻ പാസ്പോര്‍ട്ട് അസാധുവാണെന്നും അവര്‍ പറഞ്ഞതായും യുവതി വ്യക്തമാക്കി. ലണ്ടനിൽ നിന്നും ജപ്പാനിലേക്കുള്ള യാത്രക്കിടെ മൂന്നു മണിക്കൂര്‍ നേരത്തെ ട്രാന്‍സിറ്റ് നിര്‍ത്തലിനായാണ് യുവതി ഷാങ്ഹായി വിമാനത്തിലിറങ്ങിയത്. അരുണാചൽ പ്രദേശിൽ ജനിച്ചതിനാൽ തന്‍റെ ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് ചൈനീസ് എമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും തന്‍റെ ഇന്ത്യൻ പൗരത്വം അംഗീകരിക്കാൻ അവര്‍ വിസമ്മതിച്ചുവെന്നും യുവതി ആരോപിച്ചു. യുവതിക്ക് ജപ്പാൻ വിസ ഉണ്ടായിരുന്നിട്ടും അവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ഷാങ്ഹായിൽ നിന്നും ജപ്പാനിലേക്കുള്ള വിമാനത്തിൽ കയറുന്നത് തടയുകയും ചെയ്തു.
ചൈനീസ് ഉദ്യോഗസ്ഥര്‍ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുവെന്നും ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാൻ നിര്‍ദേശിച്ചുവെന്നും യുവതി വെളിപ്പെടുത്തി. പിന്നീട് ചൈന ഈസ്റ്റേണ്‍ എയര്‍ലൈൻസിൽ മാത്രം പുതിയ ടിക്കറ്റ് എടുക്കാൻ സമ്മതിച്ചപ്പോഴാണ് പാസ്പോര്‍ട്ട് തിരികെ നൽകിയതെന്നും ഇതുകാരണം വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും യുവതി പറയുന്നു. വിമാനത്താവളത്തിന്‍റെ ട്രാൻസിറ്റ് ഏരിയയിൽ മാത്രം ഒതുങ്ങിപ്പോയതിനാൽ തോങ്‌ഡോക്കിന് ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിഞ്ഞില്ല. തുടര്‍ന്ന് യുകെയിലുള്ള സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അവരുടെ ഇടപെടലിനെ തുടര്‍ന്നാണ് അവിടെ നിന്നും യാത്ര തുടരാനായതെന്നും യുവതി പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തോടുള്ള നേരിട്ടുള്ള അവഹേളനമാണെന്നും ഇക്കാര്യം ചൈനയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നുമാണ് യുവതി ഇന്ത്യൻ അധികാരികളോട് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് നഷ്ടപരിഹാരം തേടണമെന്നും അരുണാചൽ പ്രദേശിൽ നിന്നുള്ള എല്ലാ ഇന്ത്യക്കാർക്കും വിദേശയാത്രയ്ക്കിടെ സമാനമായ വിവേചനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

