അണ്ണാ ഹസാരെയെ ഉപയോഗിച്ച് ബിജെപി തനിക്കെതിരെ പ്രവർത്തിക്കുകയാണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇത് പതിവാണെന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷമായി അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവും സാമൂഹിക പ്രവര്‍ത്തകനുമായ വിമര്‍ശിച്ച് അണ്ണാ ഹസാരെ. കേജ്‍രിവാൾ അധികാരത്തിന്റെ ലഹരിയിലാണെന്ന് ഹസാരെ കത്തില്‍ ആരോപിച്ചു. ‘മദ്യം പോലെ അധികാരവും മത്തു പിടിപ്പിക്കും. നിങ്ങൾക്ക് അധികാരത്താൽ മത്തു പിടിച്ചിരിക്കുകയാണ്’ഹസാരെ കെജ്രിവാളിനെഴുതിയ കത്തില്‍ ആരോപിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചശേഷം കേജ്രിവാള്‍ ആദര്‍ശവും ആശയവും മറന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് നിങ്ങള്‍ക്ക് കത്തെഴുതുന്നത്. ദില്ലി സർക്കാരിന്റെ പുതിയ മദ്യനയം ഏറെ വേദനിപ്പിച്ചതിനെ തുടര്‍ന്നാണ് കത്തെഴുതിയത്. ഞാൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവെച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം എല്ലാം മറന്നെന്നും ഹസാരെ ആരോപിച്ചു.
ആം ആദ്മി പാർട്ടി മറ്റു പാർട്ടികളിൽനിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. അര്‍ഹതിയില്ലാത്തവര്‍ക്ക് ലൈസൻസ് നൽകിയെന്ന കേസില്‍ സിബിഐ പ്രതിചേര്‍ത്തവരില്‍ ഒരാളാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സമ്മർദ്ദ സംഘമായി നിൽക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നെങ്കില്‍ തെറ്റായ ഒരു മദ്യനയം കൊണ്ടുവരില്ല. ലോക്പാലും അഴിമതി വിരുദ്ധ നിയമങ്ങളും കൊണ്ടുവരുന്നതിനു പകരം ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മദ്യനയമാണ് ദില്ലി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഹസാരെ ആരോപിച്ചു. ദില്ലിയുടെ ഒരോ മൂലയിലും മദ്യശാലകളാണ്. ഈ നയം ആം ആദ്മി പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അണ്ണാ ഹസാരെയെ ഉപയോഗിച്ച് ബിജെപി തനിക്കെതിരെ പ്രവർത്തിക്കുകയാണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇത് പതിവാണെന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമരത്തില്‍നിന്നാണ് ആം ആദ്മി പാർട്ടി എന്ന ആശയമുദിച്ചത്. അഴിമതി വിരുദ്ധത മുദ്രാവാക്യമുയര്‍ത്തിയാണ് ആംആദ്മി രൂപീകരിച്ചത്. എന്നാല്‍ അണ്ണാ ഹസാരെ പാര്‍ട്ടിയില്‍ ചേരാതെ പിന്തുണ നല്‍കുക മാത്രമായിരുന്നു. നേരത്തെയും പല സന്ദർഭങ്ങളിലും അണ്ണാ ഹസാരെ കെജ്രിവാളിനും എഎപി സര്‍ക്കാറിനുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ബിജെപി റാഞ്ചാതിരിക്കാന്‍ ഹേമന്ത് സോറനും സംഘവും റായ്പൂരില്‍; ജാര്‍ഖണ്ഡില്‍ അനിശ്ചിതത്വം തുടരുന്നു
