ദില്ലി: ദില്ലിയിൽ 2.1 ലക്ഷം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'മുഖ്യമന്ത്രി സ്ട്രീറ്റ് ലൈറ്റ് യോജന' പദ്ധതിയുടെ ഭാ​ഗമായാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഇതിലൂടെ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കാനാകുമെന്നും കെജ്രിവാൾ പറഞ്ഞു.

"പദ്ധതിയുടെ ഭാ​ഗമായി ഇന്നുമുതൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. ലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കഴിഞ്ഞ രണ്ട് മാസമായി കഠിനമായി പരിശ്രമിച്ചു. നഗരത്തിലെ ഇരുണ്ടതും മങ്ങിയതുമായ ഇടങ്ങളായിരുന്നു ഒരു പ്രധാന പ്രശ്നം. എവിടെയൊക്കെയാണ് ലൈറ്റുകളുടെ ആവശ്യമുള്ളതെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്"-അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 

ദില്ലിയിലുടനീളം 2.1 ലക്ഷം സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ജനുവരിയിൽ 50,000 ലൈറ്റുകൾ സ്ഥാപിക്കുമെന്നും നാല് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.