ദില്ലി: കൊറോണ വൈറസ് ബാധ ഭേദമായവര്‍ ജാതിയും മതവും പരിഗണിക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യണമെന്നാണ് കൊവിഡ് 19 ഭേദമായവരോട് അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെടുന്നത്. മതങ്ങളെ അനുസരിച്ച് രക്തത്തിലെ പ്ലാസ്മയ്ക്ക് വ്യത്യാസമില്ല. ഹിന്ദുവിന്‍റെ പ്ലാസ്മ ഉപയോഗിച്ച് മുസ്ലീമും മുസ്ലീമിന്‍റെ പ്ലാസ്മ ഹിന്ദുവിനേയും രോഗത്തെ നേരിടാന്‍ സഹായിക്കുമെന്നാണ് അരവിന്ദ് കെജ്‍രിവാൾ വിശദമാക്കിയത്. 

എല്ലാവരും രോഗമുക്തരാവുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊറോണ വൈറസ് ആര്‍ക്ക് വേണമെങ്കിലും ബാധിക്കാവുന്ന ഒന്നാണ്. പ്ലാസ്മ തെറാപ്പി ചെയ്തവരില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ. എല്‍എന്‍ജെപി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് പ്ലാസ്മ ഉപയോഗിച്ചുള്ള പരിശോധന ഫലം കാണുന്നുണ്ടെന്നാണ് നിരീക്ഷണം. ദില്ലിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 

കൊവി‍ഡ് 19 ബാധയിൽ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോ​ഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. രോ​ഗം ബാധിച്ചവരിൽ ഈ ആന്റിബോഡി നൽകിയാൽ അവരുടെ പ്രതിരോധ ശക്തി വർദ്ധിക്കുകയും രോ​ഗി സുഖപ്പെടുകയും ചെയ്യുന്നുവെന്നാണ് നിരീക്ഷണം. ഗുരുതര രോഗികളിലും വെന്റിലേറ്റർ സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തൊറാപ്പി നടത്തുന്നത്. കൊവിഡ് 19 രോ​ഗികളിൽ പ്ലാസ്മ തെറാപ്പി നടത്താൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കിയിരുന്നു.