'ദില്ലിയിൽ എല്ലാവരും എഎപിക്ക് വോട്ട് നൽകണം. കാരണം എഎപിക്ക് മാത്രമേ ലേക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുകയുള്ളൂ'; കെജ്‌രിവാൾ പറഞ്ഞു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യം വേണ്ടെന്നുവെച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ. കോൺ​ഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കില്ലന്നും കെജ്‌രിവാൾ പറഞ്ഞു. മുസ്തഫാബാദിലെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'കോൺഗ്രസിന് അഹങ്കാരമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവരുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശു പോലും കിട്ടില്ല. ദില്ലിയിൽ എല്ലാവരും എഎപിക്ക് വോട്ട് നൽകണം. കാരണം എഎപിക്ക് മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുകയുള്ളൂ'; കെജ്‌രിവാൾ പറഞ്ഞു. എഎപിയുമായി കൈകോർത്താൽ കോൺഗ്രസിന് ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും എന്നാൽ അവർക്കത് മനസിലായില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. 

ദില്ലിയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് കോൺ​ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിലേർപ്പെടുന്നതിൽ കോൺഗ്രസിനകത്ത് എതിർ അഭിപ്രായമുണ്ടെന്ന് അടുത്തിടെ ദില്ലി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും പറയുകയുണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് കെജ്‌രിവാൾ ആരോപിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു.