ഇ 20 പെട്രോൾ ഉപയോഗത്തിനെതിരെ കെജ്രിവാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് റാലി നടത്തുമെന്നും, വിലവർദ്ധനവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു

ദില്ലി: ഇ 20 പെട്രോൾ ഉപയോഗത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. വരുന്ന ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ റാലിക്കാണ് കെജ്രിവാളിന്‍റെ ആഹ്വാനം. രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്ന് ശേഖരിച്ച നിവേദനങ്ങൾ പ്രധാനമന്ത്രിക്കു മുന്നിൽ സമർപ്പിക്കുന്നതിനാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാർക്ക് ആവശ്യാനുസരണം അനുയോജ്യമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും, ഇ 20 പെട്രോളിന്മേൽ അനിയന്ത്രിതമായ വിലവർദ്ധനവ് ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇ 20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

അതേസമയം ഇ 20 പെട്രോൾ സുരക്ഷിതമെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. ശാസ്ത്രീയമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് എഥനോൾ പെട്രോൾ രാജ്യത്ത് വിതരണം ചെയ്യാൻ തുടങ്ങിയതെന്നും, ഇ 20 ഉപയോ​ഗിച്ചത് കൊണ്ട് വാഹനത്തിന് കാര്യമായി കേടുപാടുകളുണ്ടായെന്നോ, പ്രകടനം മോശമായെന്നോ ഇതുവരെ തെളിഞ്ഞിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ഇ 15 അടക്കം ബ്ലെൻഡഡ് പെട്രോളുകൾ മൂന്നര വർഷമായി രാജ്യത്ത് ഉപയോ​ഗിക്കുന്നു. ഇ 19, ഇ 20 പെട്രോളുകൾ രണ്ടര വർഷത്തിലധികമായി ഉപയോ​ഗിക്കുന്നുണ്ട്. ഈ പെട്രോളുകൾ ഉപയോ​ഗിച്ചത് കാരണം വാഹനങ്ങൾ കേടായെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം പാർലമെന്റിൽ മറുപടി നൽകിയത്.