ദില്ലി: മൂന്നാം തവണയും ദില്ലിയുടെ മുഖ്യമന്ത്രിക്കസേരയിൽ കെജ്‍രിവാളായിരിക്കും എത്തുകയെന്ന് തെരഞ്ഞെടുപ്പ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ബിജെപിയുടെ 15 സീറ്റിന് എതിരെ ആംആദ്മി നേടിയിരിക്കുന്നത് 55 സീറ്റുകളാണ്. വിജയം ഏകദേശം ഉറപ്പായ സാഹചര്യത്തിൽ രണ്ട് ആഘോഷങ്ങളായിരിക്കും ഇന്ന് കെജ്‍രിവാളിനെ കാത്തിരിക്കുന്നത്. തെര‍ഞ്ഞെടുപ്പ് ഫലത്തിനൊപ്പം തന്നെ ഭാര്യ സുനിത കെജ്‍രിവാളിന്റെ ജന്മദിനം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ് കെജ്‍രിവാളിന്റെ കുടുംബം.

നിരവധി പേരാണ് ട്വിറ്ററിൽ സുനിത കെജ്‍രിവാളിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഇന്ത്യൻ റെവന്യൂ സർവ്വീസ് ഉദ്യോ​ഗസ്ഥയാണ് സുനിത കെജ്‍രിവാൾ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കെജ്‍രിവാളും ഇവിടുത്തെ ഉദ്യോ​ഗസ്ഥനായിരുന്നു. 'ജന്മദിനാശംസകൾ സുനിതാ മാം. കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ നേരുന്നു. ഞങ്ങളുടെ ഹീറോയുടെ പിൻബലം നിങ്ങളാണ്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു.' അനിൽ സിവാക് എന്നയാൾ ട്വിറ്ററിൽ കുറിച്ചു. 'ജന്മദിനം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിനം. ജന്മദിനാശംസകൾ സുനിതാ മാം. ഇന്നത്തെ ദിവസം അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റെ ശക്തി നിങ്ങളും.' ജോൺ റയാൻ എന്നയാളുടെ കുറിപ്പ് ഇപ്രകാരമാണ്.

ഫെബ്രുവരി എട്ട് തെരഞ്ഞെടുപ്പ് ദിനത്തിൽ കുടുംബാം​ഗങ്ങൾക്കൊപ്പമുള്ള ഫോട്ടോ സുനിത ട്വീറ്റ് ചെയ്തിരുന്നു. ആദ്യമായിട്ടാണ് മകൻ വോട്ട് രേഖപ്പെടുത്തുന്നതെന്ന കാര്യവും കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു സുനിത. ആംആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം ഓരോ വീടും കയറിയിറങ്ങിയാണ് ഇവർ പ്രചരണത്തിൽ പങ്കാളിയായത്.

ബിജെപി നേതാക്കളിലൊരാൾ കെജ്‍രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചപ്പോൾ ഇവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു. 'ജനങ്ങൾ അവർക്ക് (ബിജെപിക്കാർക്ക്) ഉചിതമായ മറുപടി നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇരുപത്തഞ്ച് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. സാമൂഹ്യസേവനത്തോട് അദമ്യമായ ആ​ഗ്രഹമുള്ളതായി അദ്ദേഹം എല്ലായ്പ്പോഴും പറയാറുണ്ട്. അദ്ദേഹത്തെക്കുറിച്ച് പറയുന്നതെല്ലാം കള്ളമാണെന്ന് ജനങ്ങള്‍ക്കറിയാം. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്.'