ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍ നിയമസഭ സീറ്റില്‍ മത്സരിക്കുന്നതിനായി 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് നിലവിലെ എംഎല്‍എയും കോണ്‍ഗ്രസിലേക്ക് കൂറുമാറിയ ആദര്‍ശ് ശാസ്ത്രി. ശനിയാഴ്ചയാണ് ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന് എഎപി 10-20 കോടിക്ക് സീറ്റുകള്‍ വില്‍ക്കുകയായിരുന്നുവെന്ന് ആദര്‍ശ് ആരോപിച്ചു. മത്സരിക്കാന്‍ സീറ്റ് വേണമെങ്കില്‍ 10 കോടി വേണമെന്ന് കെജ്‍രിവാള്‍ ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ദില്ലി ദ്വാരക മണ്ഡലത്തിലെ എംഎല്‍എയാണ് ആദര്‍ശ് ശാസ്ത്രി. ആദര്‍ശിന് പകരം വിനയ് മിശ്രയെയാണ് എഎപി ഇത്തവണ മത്സരിപ്പിക്കുന്നത്. 

മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനായ ആദര്‍ശ് എഎപിയുടെ വക്താവും എഎപി ഓവര്‍സീസ് കോ കണ്‍വീനറുമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായും കെജ്‍രിവാളിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ലോക്സഭ സീറ്റിനായി തന്‍റെ പിതാവ് കെജ്‍രിവാളിന് ആറ് കോടി രൂപ നല്‍കിയെന്നായിരുന്നു വെസ്റ്റ് ദില്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ  ബല്‍ബിര്‍ സിംഗ് ജഖറിന്‍റെ മകന്‍റെ ആരോപണം. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.