Asianet News MalayalamAsianet News Malayalam

'യോഗത്തിലെ ദൃശ്യങ്ങൾ നല്കരുതെന്ന നിർദ്ദേശമില്ലായിരുന്നു', വിശദീകരണവുമായി കെജ്രിവാളിന്റെ ഓഫീസ്

ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. 

arvind kejriwal office explanation on pm modis covid meeting video
Author
Delhi, First Published Apr 23, 2021, 3:31 PM IST

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലെ സംഭാഷണം പരസ്യമാക്കിയതിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിശദീകരണവുമായി അരവിന്ദ് കെജ്രിവാളിൻറെ ഓഫീസ്. പ്രധാനമന്ത്രി വിളിച്ച യോഗത്തിലെ ദൃശ്യങ്ങൾ നല്കരുതെന്ന നിർദ്ദേശമില്ലായിരുന്നുവെന്നും മുമ്പും ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. എന്തെങ്കിലും അസൗകര്യം ഉണ്ടായെങ്കിൽ ഖേദിക്കുന്നു എന്നും കെജ്രിവാളിൻറെ ഓഫീസ് അറിയിച്ചു. 

ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. 

'ദില്ലിയിലെ ആശുപത്രികളിൽ വലിയ ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. ദില്ലിയിൽ ഒരു ഓക്സിജൻ പ്ലാൻ് ഇല്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് ഓക്സിജൻ കിട്ടില്ലാ എന്നാണോ ? ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജൻ ടാങ്കർ മറ്റൊരു സംസ്ഥാനത്തേക്ക് വഴി തിരിച്ചു വിടുമ്പോൾ കേന്ദ്രസർക്കാരിലെ ആരെ വിളിച്ചാണ് ഞാൻ സംസാരിക്കേണ്ടത്'

സാർ, ഓക്സിജനുമായി വരുന്ന ലോറികൾ തടയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അങ്ങ് ഫോണിൽ വിളിച്ചു സംസാരിച്ചാൽ മാത്രം മതി. എല്ലാ ടാങ്കറുകളും കൃത്യമായി ദില്ലിയിലേക്ക് എത്തും. കൊവിഡിനെ നേരിടാൻ ഒരു ദേശീയ നയം ആവശ്യമാണ്. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമാണ് അല്ലെങ്കിൽ വലിയ ദുരന്തമാണ് ഉണ്ടാവുന്നത്. ഓക്സിജൻ പ്ലാന്റുകളുടെ നടത്തിപ്പ് ഈ ഘട്ടത്തിൽ സൈന്യത്തെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഒരു മുഖ്യമന്ത്രിയായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഞാൻ. രാത്രിയൊന്നും ഉറങ്ങാൻ പോലും പറ്റുന്നില്ല. ദയവായി എൻ്റെ അവസ്ഥ മനസിലാക്കി ദില്ലിയെ സഹായിക്കണം.' എന്നായിരുന്നു അവലോകന യോഗത്തിൽ കെജ്രിവാൾ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios