ദില്ലി: സംഘര്‍ഷം തുടരുന്ന ദില്ലിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തുന്നു. ദില്ലിയില്‍ അക്രമസംഭവങ്ങള്‍ കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കുന്നതിനിടെയാണ് കെജ്രിവാള്‍ സമാധാന ആഹ്വാനവുമായി രാജ്‍ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തുന്നത്. കലാപം അടിച്ചമര്‍ത്താനുള്ള ശ്രമം ദില്ലി പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകാത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് പറഞ്ഞെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.  ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും പ്രദേശത്ത് ഇരിക്കുകയായിരുന്നു.   

ദില്ലി ജനങ്ങള്‍ക്കൊരു സന്ദേശം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയായ കെജ്രിവാള്‍ മൗന പ്രാര്‍ത്ഥന നടത്തുന്നത്. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലികുന്നവരും തമ്മിലുള്ള സംഘർഷം ദില്ലിയിൽ വർഗീയ കലാപമായി മാറുകയായിരുന്നു. മത്തിന്‍റെ പേരിൽ വേർതിരിഞ്ഞാണ് അക്രമം നടക്കുന്നത്. ഇതുവരെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്നലെ രാത്രി നടന്ന അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് രാവിലെ മുതൾ ജാഫ്രാബാദ്, ഭജൻപുര, കബീർ നഗർ, മൗച്പൂർ എന്നിവിടങ്ങിലും സംഘർഷങ്ങൾ തുടരുകയാണ്. പേരും മതവും ചേദിച്ചാണ് ആക്രമണം. ഇന്നലെ നിരവധി പെട്രോൾ ബങ്കുകൾക്ക് കലാപകാരികൾ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്നിക്കിരയാക്കി. ടയർ മാർക്കറ്റും കത്തിച്ചു. മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.