ദില്ലി: ദില്ലിയില്‍ ആം ആദ്മി ചരിത്രമെഴുതുമോ? ദുര്‍ബലരായ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ദില്ലി ഭരണം പിടിക്കാമെന്ന ബിജെപി സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയായി വോട്ടര്‍മാര്‍ക്കിടയില്‍ നടന്ന സര്‍വ്വേഫലങ്ങള്‍. ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും മികച്ച പിന്തുണയാണ് ദില്ലിയിലെ വോട്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്. അധികാരത്തിലെത്തിയ ശേഷം ആം ആദ്മി പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറികള്‍ ജനങ്ങളെ ബാധിച്ചില്ലെന്നാണ് വോട്ടര്‍മാരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താന്‍ ദില്ലിയിലെ വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നേതൃത്വം നല്‍കുന്ന എഎപി അധികാരത്തില്‍ നിന്ന് മാറേണ്ട ആവശ്യമില്ലെന്നാണ് 2298 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വ്വേയുടേതാണ് ഫലം. 

സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലുഭാഗം ആളുകളും ആം ആദ്മി സര്‍ക്കാരിന്‍റെ ഭരണത്തില്‍ പൂര്‍ണതൃപ്തരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആം ആദ്മി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അന്‍പത്തിമൂന്ന് ശതമാനം ആളുകളും പൂര്‍ണ തൃപ്തരാണ്. വെറും നാല് ശതമാനം ആളുകളാണ് ദില്ലി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ അതൃപ്തരാണെന്ന് പ്രതികരിച്ചത്. 

മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കേജ്‍രിവാളിന്‍റെ പ്രവര്‍ത്തനത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും പൂര്‍ണ തൃപ്തരാണ്. നാല് ശതമാനം ആളുകളാണ് കേജ്‍രിവാളിന്‍റെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് പ്രതികരിക്കുന്നത്. 

കേജ്‍രിവാളിനെയാണോ മോദിയെയാണോ താല്‍പര്യമെന്ന ചോദ്യത്തിനും ദില്ലിയിലെ വോട്ടര്‍മാര്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മോദിയേക്കാള്‍ കേജ്‍രിവാളിനെ  താല്‍പര്യപ്പെടുന്നത് 42 ശതമാനം വോട്ടര്‍മാരാണ്. അതേസമയം കേജ്‍രിവാളിനേക്കാള്‍ മോദിയെ താല്‍പര്യപ്പെടുന്നത് 32 ശതമാനം വോട്ടര്‍മാരാണ്. 

സമീപകാലത്ത് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനത്തോട് ദില്ലിയിലെ ഭൂരിഭാഗം വോട്ടര്‍മാരും യോജിക്കുന്നുണ്ട്. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 3 വരെയാണ് സര്‍വ്വേ നടന്നത്. പോളിങ് സ്റ്റേഷനുകള്‍ അടക്കമുള്ള 115 സ്റ്റേഷനുകളിലാണ് സര്‍വ്വേ നടത്തിയത്. 23 നിയമസഭാ മണ്ഡലങ്ങളിലും സര്‍വ്വേ പ്രതികരണങ്ങള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മള്‍ട്ട് സ്റ്റേജ് റാന്‍ഡം സാംപില്‍ മെത്തേഡ് ആണ് സര്‍വ്വേയ്ക്കായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗങ്ങളിലുള്ള 16.4%, മുസ്‍ലിം വിഭാഗത്തില്‍ നിന്ന് 14.1% , സിഖ് സമുദായത്തില്‍ നിന്ന് 3%, സ്ത്രീകളില്‍ നിന്ന് 37.9% ആളുകളാണ് സര്‍വ്വേയുടെ ഭാഗമായത്.