നിർഭയ കേസിലെ പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ ഈ മാസം 22നാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. 

ദില്ലി: നിർഭയ കേസ് പ്രതികൾക്ക് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹം നിറവേറിയതായും സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് ഇതൊരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്രിവാൾ പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾ ഈ വിധിക്കായി കാത്തിരിക്കുകയാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു."രാജ്യമെമ്പാടുമുള്ള ആളുകൾ പ്രതികളെ തൂക്കിലേറ്റുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഇത് നിയമത്തിന്റെ വിജയമാണ്. അവളുടെ കുടുംബത്തിന്റെ കഠിനാധ്വാനത്തിന് അഭിഭാഷകർ ഫലം നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്"മനീഷ് സിസോദിയ പറഞ്ഞു.

നിർഭയ കേസിലെ പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ ഈ മാസം 22നാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ഏഴുവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി നടപ്പാക്കുന്നത്. 2012 ഡിസംബര്‍ 16നാണ് നിര്‍ഭയ കേസിനാസ്പദമായ കൃത്യം നടന്നത്. രാത്രിയില്‍ ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ സംഘം ആക്രമിച്ചു. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും തുടര്‍ന്ന് വഴിയിലുപേക്ഷിച്ചു. ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.