ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും എഎപി സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
ദില്ലി: വീണ്ടും അധികാരത്തിലെത്തിയാൽ ദില്ലിയെ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു രാജ്യത്തിന്റെ അടിത്തറയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ കാഴ്ചവച്ചുവെന്നും കെജ്രിവാൾ പറഞ്ഞു. ദില്ലിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന പാർട്ടിയുടെ ടൗൺഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലിയിലെ റോഡുകള്‍, തെരുവുകള്‍ തുടങ്ങി എല്ലാം ശുചീകരിക്കുമെന്നും ദില്ലിക്കാരാണെന്ന് സ്വയം അഭിമാനത്തോടെ പറയാന്‍ നഗരവാസികള്‍ക്ക് സാധിക്കുന്നതുവരെ ആ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കെജ്രിവാള്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും എഎപി സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
എഎപിയുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ട് കാര്‍ഡിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും കെജ്രിവാള്‍ യോഗത്തിൽ മറുപടി പറഞ്ഞു. വിദ്യാഭ്യാസം, സൗജന്യ വൈദ്യുതി, സ്ത്രീസുരക്ഷ, ആരോഗ്യം, സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയ പത്ത് പ്രധാന നേട്ടങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത വർഷമാണ് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 'കഴിഞ്ഞ അഞ്ച് വർഷം നല്ലതായിരുന്നു, ഇനിയും കെജ്രിവാളിനൊപ്പം'എന്ന മുദ്രാവാക്യവുമായാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 2015ല്‍ 70ല്‍ 67 സീറ്റുകളും സ്വന്തമാക്കിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്യുന്നത്.
