ദില്ലി: ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഹാട്രിക് വിജയം നേടിയ ആം ആദ്മി പാർട്ടി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങി. പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. കെജ്‍രിവാൾ ലഫ്റ്റ‍നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദവും ഉന്നയിക്കും. 

അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണ മന്ത്രിസഭയിലെത്തും. ആംആദ്മി പാര്‍ട്ടിയുടെ രണ്ടാം വിജയത്തിൽ കൂടുതൽ യുവമുഖങ്ങൾ ദില്ലി നിയമസഭയിലേക്കെത്തുകയാണ്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കും. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. 

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.