ദില്ലി: ദില്ലി-ഹരിയാന അതിര്‍ത്തിയായ സിംഘുവിലെ കര്‍ഷകരുടെ സമരവേദി സന്ദര്‍ശിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച ആറുമണിക്ക് കെജ്രിവാള്‍ സമരവേദിയിലെത്തും. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് കെജ്രിവാള്‍ സമരവേദിയിലെത്തുന്നത്. സിഖ് ഗുരുവിന്റെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഷഹീദി ദിവസ് പരിപാടിയിലും കെജ്രിവാള്‍ പങ്കെടുക്കും. നേരത്തെ സമരക്കാര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. കര്‍ഷകരുടെ സമരവേദി സന്ദര്‍ശിച്ച ആദ്യത്തെ മുഖ്യമന്ത്രിയും കെജ്രിവാളായിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി കെജ്രിവാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

കര്‍ഷക സമരം ദില്ലിയില്‍ തുടരുകയാണ്. സര്‍ക്കാറുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് കര്‍ഷക സമര നേതാക്കള്‍ അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്ത് പ്രഭാഷണത്തിന് പാത്രം കൊട്ടിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.