മോദി റിട്ടയർ ചെയ്യേണ്ടതല്ലേ എന്ന വാദം ആവർത്തിക്കുകയും അതോടൊപ്പം തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കാത്തത് എന്ത് എന്നുകൂടിയാണ് കെജ്രിവാള്‍ ഇന്ന് തന്‍റെ പത്ത് ഗ്യാരണ്ടികള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ചോദിച്ചത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 75ാം വയസില്‍ റിട്ടയര്‍ ചെയ്യുമോ എന്ന അരവിന്ദ് കെജ്രിവാളിന്‍റെ ചോദ്യം വലിയ ചര്‍ച്ചയാകുന്നു. ബിജെപിക്ക് അകത്തും പുറത്തും വിഷയം ചര്‍ച്ചയാവുകയാണ്. എന്നാല്‍ മോദി റിട്ടയര്‍ ചെയ്യുമെന്ന വാദത്തെ ശക്തമായി ചെറുക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി, നേതാക്കള്‍ക്ക് നല്‍കുന്നത്.
മുമ്പ് മോദി പാര്‍ട്ടിക്ക് അകത്ത് കൊണ്ടുവന്ന നിയമപ്രകാരമാണ് എല്‍കെ അദ്വാനി വിരമിച്ചത്. എന്നാല്‍ ഈ നിയമം ബിജെപിക്ക് അകത്ത് ചര്‍ച്ച ചെയ്ത് കൊണ്ടുവന്നതല്ല. ഇതേ ചട്ടം നേതാവിന് ബാധകമല്ലെന്നാണ് വ്യക്തമാകുന്നതെന്ന് പാർട്ടി വിട്ട, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മോദി റിട്ടയർ ചെയ്യേണ്ടതല്ലേ എന്ന വാദം ആവർത്തിക്കുകയും അതോടൊപ്പം തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കാത്തത് എന്ത് എന്നുകൂടിയാണ് കെജ്രിവാള്‍ ഇന്ന് തന്‍റെ പത്ത് ഗ്യാരണ്ടികള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ചോദിച്ചത്.
അതേസമയം പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കലാണ് കെജ്രിവാളിന്‍റെ ലക്ഷ്യമെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. എന്നാല്‍ വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകാതിരിക്കാനാണ് ഇന്നലെ തന്നെ അമിത് ഷാ രണ്ട് തവണ ഈ ചോദ്യം നിഷേധിച്ചുകൊണ്ട് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
2014ലാണ് 'മാര്‍ഗ് ദര്‍ശക് മണ്ഡല്‍' എന്ന ബോഡി തയ്യാറാക്കി എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള 75 കഴിഞ്ഞ നേതാക്കാളെ ബിജെപി മാറ്റിയത്. അധികാരകേന്ദ്രങ്ങളില്‍ അദ്വാനിക്കോ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കോ സ്ഥാനം നല്‍കിയിരുന്നില്ല. പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യാതെയാണ് ഇതെല്ലാം നടപ്പാക്കിയതെന്ന് യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചട്ടം എല്ലാവർക്കും ബാധകമല്ലേ എന്ന ചോദ്യവും യശ്വന്ത് സിൻഹ ഉയർത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
