Asianet News MalayalamAsianet News Malayalam

'അവർ വരേണ്യവർ​ഗം, എന്തും ചെയ്യാം പക്ഷേ...'; ആർഎസ്എസ് മേധാവിയെക്കണ്ട മുസ്ലീംനേതാക്കൾക്കെതിരെ ഒവൈസി

"ആർഎസ്എസിന്റെ ആശയസംഹിത എന്താണെന്ന് ലോകത്തിന് മുഴുവൻ അറിയാം. എന്നിട്ടും  അവർ പോയി കണ്ടു. വരേണ്യവർ​ഗമായതിനാൽ അവരെന്ത് തന്നെ ചെയ്തെങ്കിലും അത് സത്യമാണ്. പക്ഷേ, ആശയപരമായ അവകാശങ്ങൾ സംബന്ധിച്ച് നമ്മൾ രാഷ്ട്രീയപോരാട്ടം തുടരുമ്പോൾ ഈ കൂടിക്കാഴ്ചയെ നല്ലതെന്ന് കരുതാനാവില്ല". ഒവൈസി പറഞ്ഞു

asaduddin owaisi against the muslim leaders who met rss chief mohan bhagwat
Author
First Published Sep 22, 2022, 5:55 PM IST

ദില്ലി: ആർഎസ്എസ് മേധാവി മോഹൻ ​ഭ​ഗവതിനെ നേരിൽപോയിക്കണ്ട മുസ്ലീം നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. ആ നേതാക്കൾ വരേണ്യവർ‍​ഗത്തിൽ നിന്നുള്ളവരാണെന്നും  അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവരാണെന്നും ഒവൈസി വിമർശിച്ചു. കഴിഞ്ഞ മാസമാണ് അഞ്ച് നേതാക്കൾ മോഹൻ ഭ​ഗവതിനെ പോയി കണ്ടത്.  

മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ദില്ലി ​ഗവർണർ നജീബ് യുങ്, അലി​ഗഡ് മുസ്ലീം സർവ്വകലാശാല മുൻ ചാൻസിലർ സമീർ ഉദ്ദിൻ ഷാ, മുൻ എംപി ഷാഹിദ് സിദിഖി, ബിസിനസുകാരൻ സയീദ് ഷെർവാണി എന്നിവരാണ് മോഹൻ ഭ​ഗവതുമായി കൂടിക്കാഴ്ച നടത്തിയത്. "അവർ പോയി അദ്ദേഹത്തെ കണ്ടു. ആർഎസ്എസിന്റെ ആശയസംഹിത എന്താണെന്ന് ലോകത്തിന് മുഴുവൻ അറിയാം. എന്നിട്ടും  അവർ പോയി കണ്ടു. വരേണ്യവർ​ഗമായതിനാൽ അവരെന്ത് തന്നെ ചെയ്തെങ്കിലും അത് സത്യമാണ്. പക്ഷേ, ആശയപരമായ അവകാശങ്ങൾ സംബന്ധിച്ച് നമ്മൾ രാഷ്ട്രീയപോരാട്ടം തുടരുമ്പോൾ ഈ കൂടിക്കാഴ്ചയെ നല്ലതെന്ന് കരുതാനാവില്ല". ഒവൈസി പറഞ്ഞു.

"ഈ വരേണ്യവർ​ഗം വളരെ വിവരമുള്ളവരാണ്. പക്ഷേ, അവർക്ക് അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങളെപ്പറ്റി ഒന്നുമറിയില്ല. അവർ സുഖസൗകര്യങ്ങളിൽ ജീവിക്കുകയും ആർഎസ്എസ് മേധാവിയെ പോയി കാണുകയും ചെയ്യുന്നു. അത് അവരുടെ ജനാധിപത്യ അവകാശമാണ്, സമ്മതിക്കുന്നു. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല, പക്ഷേ, അവരും ഞങ്ങളെ ചോദ്യം ചെയ്യരുത്." ഒവൈസി കൂട്ടിച്ചേർത്തു. 

സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനായി എന്നാണ് അന്നത്തെ കൂടിക്കാഴ്ചയെ മോഹൻ ഭ​ഗവത് വിശേഷിപ്പിച്ചത്. പ്രവാചകനിന്ദ,  വിദ്വേഷ പ്രസംഗം, ​ഗ്യാൻവാപി മസ്ജിദ് പ്രശ്നം, വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം എന്നിവ ചർച്ച ചെയ്തതായി യോഗത്തിൽ പങ്കെടുത്ത ഒരു അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗഹാർദ്ദപരമെന്നാണ് ആര്‍എസ്എസ് മേധാവി വിളിച്ച യോഗത്തെ  എസ് വൈ ഖുറൈഷി നേരത്തെ വിശേഷിപ്പിച്ചത്.   ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാൻ മുന്നോട്ട് പോകണം, ഈ ഭിന്നത പരിഹരിക്കാൻ ഇരു സമുദായങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആർഎസ്എസ് മേധാവി പറഞ്ഞതായും യോഗത്തിന് ശേഷം എസ് വൈ ഖുറൈഷി  പറഞ്ഞിരുന്നു.

അതേസമയം,  മോഹൻ ഭഗവത്  ഇന്നും മുസ്ലീംപള്ളിയിൽ സന്ദര്‍ശനം നടത്തി. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതൻ ഉമർ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച നടത്താനാണ് കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദില്‍ ആര്‍എസ്എസ് മേധാവി എത്തിയത്. 

Read Also: 'ഒരാൾക്ക് ഒരു പദവി, മാറ്റമില്ല'; ​ഗെലോട്ടിന് തിരിച്ചടിയായി തീരുമാനം പ്രഖ്യാപിച്ച് രാഹുലും, ഇനി‌യെന്ത്?


 

Follow Us:
Download App:
  • android
  • ios