ദില്ലി: 'ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം' എന്ന് നിയമം കൊണ്ടുവരണമെന്ന  ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവതിന്റെ പ്രസ്താവനയോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി തൊഴിലില്ലായ്മയാണെന്നും അല്ലാതെ ജനസംഖ്യാ വർദ്ധനവല്ലെന്നും അസദുദീൻ ഒവൈസി പ്രതികരിച്ചു. ഇന്ത്യയിൽ 'ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം' എന്ന നിയമം കൊണ്ടുവരണമെന്ന് മോഹൻ‌ ഭ​ഗവത് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ സുസ്ഥിര വികസനത്തിന് ജനസംഖ്യാവർദ്ധനവ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു എന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ കണ്ടെത്തൽ. 

''നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. എനിക്ക് രണ്ട് കുട്ടികളിൽ കൂടുതലുണ്ട്. രണ്ട് കുട്ടികളിൽ കൂടുതലുള്ള നിരവധി ബിജെപി നേതാക്കളെയും എനിക്കറിയാം. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കണമെന്നാണ് ആർഎസ്എസ് എപ്പോഴും വാദിക്കുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയാണ്, അല്ലാതെ ജനസംഖ്യയല്ല.'' തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി നിസാമാബാദിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവേ ഒവൈസി പറഞ്ഞു. 

രാജ്യത്തെ എത്ര യുവാക്കൾക്ക് ജോലി നൽകാൻ സാധിച്ചു എന്നും ഒവൈസി ചോദിച്ചു. ''2018 ൽ തൊഴിലില്ലായ്മ മൂലം ഓരോ ദിവസവും രാജ്യത്ത് 36 യുവാക്കളാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യയിലേത് പോലെയുള്ള ജനസംഖ്യാപരമായ വിഭജനം മറ്റൊരു രാജ്യത്തും കാണാൻ സാധിക്കുകയില്ല. അഞ്ചു വർഷം ഭരിച്ചിട്ടും ആർക്കും തൊഴിൽ നൽകാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. രണ്ട് കുട്ടികൾ‌ മാത്രം എന്ന നയം പ്രാബല്യത്തിലാക്കാൻ ആർഎസ്എസ് നിർബന്ധിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്. ഇന്ത്യയിലെ ജനസംഖ്യയിൽ അറുപത് ശതമാനം ആളുകളും നാൽപത് വയസ്സിന് താഴെയുള്ളവരാണ്.'' ഒവൈസി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം മുറാദാബാദിൽ നടന്ന സമ്മേളനത്തിലാണ് ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന് നിയമം കൊണ്ടുവരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത് പ്രസ്താവന നടത്തിയത്. ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ ഇന്ത്യയുടെ വികസനത്തിന് ​ഗുണകരമാകില്ലെന്നായിരുന്നു മോഹൻ ഭ​ഗവതിന്റെ അഭിപ്രായം.