ഹെെദരാബാദ്: കശ്മീര്‍ വിഷയം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് സംസാരിച്ചതിനെതിരെ  എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനോട് ഫോണില്‍ സംസാരിച്ചെന്ന് കേട്ടപ്പോള്‍ ആശ്ചര്യത്തിനൊപ്പം വളരെയധികം വേദനയുമുണ്ടായി.

നേരത്തെ ട്രംപ് തന്നെ അവകാശപ്പെട്ട തന്‍റെ പ്രമാണിത്വം മോദി തന്‍റെ നീക്കത്തിലൂടെ അംഗീകരിച്ച് കൊടുക്കുകയായിരുന്നു. ഇത് രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണ്. മൂന്നാമതൊരാള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രംപ് പൊലീസുകാരനോ ഏറ്റവും ശക്തനോ ആണോയെന്നും ഒവെെസി ചോദിച്ചു.

ജമ്മു കശ്മീർ വിഭജനത്തിനും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായി ട്രംപും മോദിയുടെ ഫോണില്‍ സംസാരിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്നും ട്രംപിനോട് മോദി വ്യക്തമാക്കി. അരമണിക്കൂറാണ് ഇരുവരും ഫോണിൽ സംസാരിച്ചത്.

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാൻ പല അന്താരാഷ്ട്രവേദികളിലും പ്രശ്നമുന്നയിക്കാൻ ശ്രമിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രശ്നം ചർച്ച ചെയ്ത ശേഷം, ഇന്ത്യയും പാക്കിസ്ഥാനും കശ്മീർ പ്രശ്നം ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവ‍ർത്തിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽക്കൂടിയാണ് പ്രധാനമന്ത്രി പ്രസിഡന്‍റ് ട്രംപിനോട് സംസാരിച്ചത്.

പിന്നീട് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി  അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത് വന്നിരുന്നു. പ്രശ്നം ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍, ട്രംപിന്‍റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ  തള്ളിയതാണ്.  കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ട്രംപിന്‍റെ പുതിയ വാഗ്ദാനം. കശ്മീര്‍ വിഷയം സങ്കീര്‍ണമാണെന്നും ട്രംപ് പറഞ്ഞു.