ദില്ലി: ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോക്സഭയിൽ പാസ്സായിരുന്നു. ബില്ലിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രമേയം തള്ളിയാണ് മുത്തലാഖ് ബില്‍ ലോക്സഭ കടന്നത്. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് ബില്‍ പാസാക്കുന്നതെന്തിനെന്നായിരുന്നു ഒവൈസിയുടെ പ്രധാനചോദ്യം.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും സംസാരിക്കുന്നതെങ്കില്‍ ശബരിമലയിലേക്ക് ബിജെപിയിലെ വനിത എംപിമാരെ പ്രത്യേക വിമാനത്തിലയക്കാന്‍ ധൈര്യം കാണിക്കണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ശബരിമലയിലും മുത്തലാഖിലും പ്രധാനമന്ത്രിക്ക് രണ്ട് നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമലയിലെ യുവതി പ്രവേശനം സാധ്യമാക്കാന്‍ മോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമോയെന്നും ഒവൈസി ചോദിച്ചു.

 

അതേസമയം ലോക്സഭയില്‍ മുത്തലാഖ് ബില്‍ പാസായെങ്കിലും രാജ്യസഭ കടക്കുക കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭ പാസാക്കിയത്.  ബില്ലിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോൺഗ്രസ് വോട്ടു ചെയ്തു. മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. 

മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കൻമാർക്ക് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങൾ ബില്ലിലുണ്ട്.

ബില്ലിനെതിരെ ഇന്ന് മുഴുവൻ സഭയിൽ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു. ഭരണകക്ഷിയായ നിതീഷ് കുമാറിന്‍റെ ജനതാദൾ യുണൈറ്റഡടക്കം ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എൻഡിഎയ്ക്ക് നാണക്കേടായി. സമുദായത്തിന്‍റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസ്സാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്‍റെ ഇറങ്ങിപ്പോക്ക്. 

മുസ്ലീം പുരുഷൻമാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനി‍ടയുണ്ടെന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർ മുസ്ലിം സമുദായത്തിൽ മാത്രമല്ല, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷൻമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസർക്കാർ എന്തുകൊണ്ട് ഇതരസമുദായങ്ങളിൽ പെട്ട സ്ത്രീകളെ കാണുന്നില്ല? എന്തുകൊണ്ട് മുസ്ലിം പുരുഷൻമാർക്കെതിരെ മാത്രം ക്രിമിനൽ നടപടി ശുപാർശ ചെയ്യുന്ന ബില്ല് എൻഡിഎ പാസ്സാക്കാൻ ധൃതി പിടിച്ച് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം.