ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ ബെര്‍ത്ത് ശിവ ക്ഷേത്രമാക്കിയ വാർത്തയോട് പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രിക്ക് ഭരണ ഘടനയുട ആമുഖത്തിന്‍റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്താണ് ഒവൈസിയുടെ പ്രതികരണം.

ട്രെയിനിന്റെ കോച്ച് ബി 5 ന്റെ 64 സീറ്റ് നമ്പർ ചെറിയ ശിവക്ഷേത്രമാക്കി മാറ്റിയെന്ന എഎൻഐയുടെ റിപ്പോർട്ടും ട്വീറ്റിനൊപ്പം ഒവൈസി പങ്കുവച്ചിട്ടുണ്ട്.

ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്സ്പ്രസ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന സ്വകാര്യ ട്രെയിനാണിത്. 

സീറ്റ് ശിവക്ഷേത്രമാക്കി മാറ്റിയതിന്റെ ചിത്രങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്. ഈ ചിത്രത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതും കാണാം. ഇന്ത്യയിലൊട്ടാകെ ശിവരാത്രി ആഘോഷിക്കുന്ന വേളയിലാണ് ട്രെയിനനകത്ത് ക്ഷേത്രം ഉണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 21നാണ് ശിവരാത്രി.