ഓരോ മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളുടെ പേരെടുത്ത് പറയാതെയുമായിരുന്നു ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്
ഹൈദരാബാദ്: കോൺഗ്രസിന് പരോക്ഷപിന്തുണയുമായി എ ഐ എം ഐ എം. തെലങ്കാനയിൽ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ അസദുദ്ദീൻ ഒവൈസി ആഹ്വാനം നൽകി. ഇത് കെ സി ആറിന്‍റെ തെരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി കോൺഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളുടെ പേരെടുത്ത് പറയാതെയുമായിരുന്നു ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.
അതിനിടെ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് അഭിപ്രായപ്പെട്ട് മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും രംഗത്തെത്തി. എൻ ഡി എയോ ഇന്ത്യ മുന്നണിയോ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും പ്രാദേശിക പാർട്ടികൾ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കെ സി ആർ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എൻ ഡി എക്കും ഇന്ത്യാ മുന്നണിക്കും പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ പിന്തുണയ്ക്കേണ്ടി വരുമെന്നും കെ സി ആർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ടെന്നും നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിക്കാൻ തനിക്ക് അർഹതയുണ്ടെന്നും കെ സി ആർ കൂട്ടിച്ചേർത്തു. തന്നെ ദില്ലിയിൽ സഹായിക്കാൻ ബി ആർ എസ്സിന്‍റെ എം പിമാരുണ്ടാകുമെന്നും മുൻ തെലങ്കാന മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
