സമാധാനത്തിനും സുരക്ഷയ്ക്കും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നീക്കങ്ങളെ പോലും തീവ്രവാദം ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഉച്ചകോടി വിലയിരുത്തി.  

ദില്ലി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നീങ്ങാന്‍ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ ധാരണ. പ്രതിരോധമേഖലയില്‍ സംയുക്ത സഹകരണത്തിന് ഇന്ത്യയും തായ്‍ലാന്‍റും തീരുമാനിച്ചു. ഇന്ത്യയുടെ നിലപാട് വൈകുന്നതില്‍ ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് നീളും. കശ്മീരിലെ സ്ഥിതിഗതികളടക്കം ചര്‍ച്ചയായ ഉച്ചകോടിയിലാണ് തീവ്രവാദത്തിനെതിരെ പോരാടാന്‍ ആസിയാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്. സമാധാനത്തിനും സുരക്ഷയ്ക്കും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നീക്കങ്ങളെ പോലും തീവ്രവാദം ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഉച്ചകോടി വിലയിരുത്തി. 

ഇതിന് പുറമെ സമുദ്രസുരക്ഷ, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും ആസിയാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ കര-നാവിക-വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ ഇനിയും വികസിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറ‍ഞ്ഞു.

ഉച്ചകോടിക്ക് ശേഷം ഇന്ത്യ-തായ്‍ലാന്‍റ് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ മേഖലയിലെ സഹകരണത്തിന് തീരുമാനമായത്. പ്രതിരോധ ആയുധ നിര്‍മ്മാണത്തിലുള്‍പ്പടെ സഹകരിക്കാനാണ് തീരുമാനം. അതേ സമയം ആര്‍സിഇപി കരാര്‍ ഉച്ചകോടിയുടെ അവസാന ദിനമായ നാളെ പ്രഖ്യാപിക്കാനായിരുന്നു ചൈനടയക്കമുള്ള രാജ്യങ്ങളുടെ നീക്കം.

എന്നാല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരമായിട്ടില്ല. കരാര്‍ രൂപീകരണ പ്രഖ്യാപനത്തില്‍ ഇന്ത്യ പങ്കെടുക്കുമെങ്കിലും ജൂണില്‍ സംയുക്ത കരാര്‍ യാഥാര്‍ത്ഥ്യമാക്കാമെന്ന നിര്‍ദ്ദേശമാകും മുന്‍പോട്ട് വയ്ക്കുക. ആര്‍സിഇപി കരാറിനെ ആര്‍എസ്എസ് തള്ളിയത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.