ദില്ലി: ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. രണ്ട് മാസത്തിലധികമായി സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് സുശാന്തിന്റെ കുടുംബം. കേസിൽ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള സുപ്രീം കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി സുശാന്തിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയരിക്കുകയാണ് നിർഭയയുടെ അമ്മ ആശാദേവി. ഇവരുടെ കുടുംബത്തിന് ഉറപ്പായും നീതി ലഭിക്കുമെന്ന് ആശാദേവി പറഞ്ഞു. 

'രാജ്യം മുഴുവനും നിങ്ങൾക്കൊപ്പമുണ്ടെന്ന് സുശാന്തിന്റെ കുടുംബത്തോട് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു.' ആശാദേവി ‍ടൈംസ് നൗവിനോട് പറഞ്ഞു. സത്യം പുറത്തു വരുമെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിം​ഗ് കൃതിയോട് അവർ പറഞ്ഞു. സുപ്രീം കോടതിയും ഈ രാജ്യത്തെ ജനങ്ങളും നിങ്ങൾക്കൊപ്പമുണ്ട്. സുപ്രീം കോടതിയെ ഉറച്ച് വിശ്വസിക്കാൻ സുശാന്തിന്റെ പിതാവ് കെ കെ സിം​ഗിനോട് ആശാദേവി ആവശ്യപ്പെട്ടു. മകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകുമെന്ന് അദ്ദേഹത്തെ ആശാദേവി ആശ്വസിപ്പിക്കുകയും ചെയ്തു.