നേരത്തെ സോണിയ ഗാന്ധി അശോക് ഗെലോട്ടിനെ കാണുകയും പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വാർത്തകൾ വന്നത്.

ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺ​ഗ്രസ് അധ്യക്ഷനാകാൻ ഇടക്കാല പ്രസിഡന്റ് സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. വാർത്തയോട് പ്രതികരിച്ച് അശോക് ​ഗെലോട്ട് രം​ഗത്തെത്തി. കോൺഗ്രസിലെ ഹൈക്കമാൻഡ് ഇപ്പോൾ തനിക്ക് രാജസ്ഥാനിൽ ചുമതലകൾ നൽകിയിട്ടുണ്ടെന്നും അതിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് സംഭവം അറിയുന്നത്. എനിക്ക് നേരിട്ട് ഇക്കാര്യം അറിയില്ല. എന്നെ ഏൽപ്പിച്ച കടമകൾ ഞാൻ നിറവേറ്റുകയാണെന്നും ​ഗെലോട്ടിനെ ഉദ്ധരിച്ച് എഎൻഐയെ റിപ്പോർട്ട് ചെയ്തു. നിലവിൽ എനിക്ക് ഹൈക്കമാൻഡ് ചുമതല നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ​ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാൻ. രാജസ്ഥാനിലെ എന്റെ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാർത്തകൾ മാധ്യമങ്ങളിൽ നിന്നാണ് കേൾക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു. 

നേരത്തെ സോണിയ ഗാന്ധി അശോക് ഗെലോട്ടിനെ കാണുകയും പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വാർത്തകൾ വന്നത്. അഹമ്മദാബാദിലേക്ക് പോകുന്നതിന് മുമ്പ് നടന്ന യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് രാജസ്ഥാൻ മുഖ്യമന്ത്രി ദില്ലി സന്ദർശിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ​ഗെലോട്ടിന്റെ പേര് ചർച്ചയായെങ്കിലും പാർട്ടിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോൺ​ഗ്രസിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമാണ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല. ​അടുത്ത ലോക്സഭാ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺ​ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കാനിരിക്കെയാണ് നേതൃത്വ പ്രതിസന്ധി ഉടലെടുത്തത്. നേതൃത്വത്തിന്റെ തീരുമാനത്തിൽ വിയോജിച്ച് മുതിർന്ന നേതാക്കളായ ​ഗുലാം നബി ആസാദും ആനന്ദ് ശർമയും പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. 

നയിക്കാൻ പുതിയ അധ്യക്ഷൻ വരുമോ ? കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ ഞായറാഴ്ച യോഗം

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ​​ഗെലോട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസിനെ നയിക്കുമെന്ന് സൂചന നൽകിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ഏകകണ്ഠമായി രാഹുൽ ഗാന്ധിയെ അനുകൂലിക്കുകയാണെന്നും രാഹുൽ പ്രസിഡന്റായില്ലെങ്കിൽ പാർട്ടി പ്രവർത്തകർ പാർട്ടി വിടുമെന്നും ​ഗെലോട്ട് പറഞ്ഞിരുന്നു. സെപ്റ്റംബർ 20-നുള്ളിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി.