ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. 

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചത്-ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. സോണിയാ ഗാന്ധിയുടെ കീഴില്‍ ഓരോ പ്രതിസന്ധി ഘട്ടവും പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രത്യയശാസ്ത്രം, പരിപാടികള്‍, നയം, നേതാക്കളിലുള്ള ഉറച്ച വിശ്വാസം എന്നിവകൊണ്ട് എല്ലാ തവണയും പാര്‍ട്ടി ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. എല്ലാ പ്രതിസന്ധിയും അതിജീവിച്ചാണ് 2004ല്‍ യുപിഎ സര്‍ക്കാര്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത്. ഇത്തവണയും നമ്മള്‍ അതിജീവിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ തളര്‍ച്ച തിരിച്ചറിയണമെന്നും അനുഭവ സമ്പത്തുള്ള മനസ്സുകളും കൈകളും രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നുമായിരുന്നു സിബലിന്റെ വിമര്‍ശനം.