Asianet News MalayalamAsianet News Malayalam

ഒന്നും എന്റെ കയ്യിലല്ല, എംഎൽഎമാർ ദേഷ്യത്തിലാണ്; രാജസ്ഥാൻ പ്രതിസന്ധിയിൽ അശോക് ​ഗെലോട്ട്? നിഷേധിച്ച് വേണു​ഗോപാൽ

​അശോക് ​ഗെലോട്ട് കോൺ​ഗ്രസ് അധ്യക്ഷനാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചയാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കോൺ​ഗ്രസ് നേതൃത്വത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് താല്പര്യം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതിനോട് ​ഗെലോട്ടിന് താല്പര്യമില്ല. ഇതാണ് എംഎൽഎമാരുടെ രാജിഭീഷണിക്ക് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ashok gehlot reportedly told the congress leadership that rajasthan crisis is not in his hands
Author
First Published Sep 26, 2022, 8:34 AM IST

ദില്ലി: 90 എംഎൽഎമാർ രാജിവെക്കുമെന്നുറച്ച് നിൽക്കെ രാജസ്ഥാൻ പ്രതിസന്ധി വിഷയത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോർട്ട്. ഒന്നും തന്റെ കയ്യിലല്ലെന്നും എംഎൽഎമാർ ദേഷ്യത്തിലാണെന്നും ​ഗെലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനോട് ​ഗെലോട്ട് ഫോണിൽ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, വേണു​ഗോപാൽ ഇക്കാര്യം നിഷേധിച്ചു. ​ഗെലോട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ എത്രയും വേ​ഗം പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

​അശോക് ​ഗെലോട്ട് കോൺ​ഗ്രസ് അധ്യക്ഷനാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചയാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കോൺ​ഗ്രസ് നേതൃത്വത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് താല്പര്യം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതിനോട് ​ഗെലോട്ടിന് താല്പര്യമില്ല. ഇതാണ് എംഎൽഎമാരുടെ രാജിഭീഷണിക്ക് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, എംഎൽഎമാരുടെ നീക്കം തന്റെ പദ്ധതിയാണെന്ന ആരോപണെ ​ഗെലോട്ട് നിഷേധിക്കുകയാണ്. കോൺ​ഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പദവും ഒന്നിച്ചു കൊണ്ടുപോകാമെന്ന ​ഗെലോട്ടിന്റെ പദ്ധതി പാർട്ടി അം​ഗീകരിക്കാഞ്ഞതോടെയാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം. ഒരാൾക്ക് ഒരു പദവി എന്നതിൽ പാർട്ടി ഉറച്ചുനിന്നതോടെ അധ്യക്ഷപദവിയിലേക്കെത്തുമ്പോൾ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേ പറ്റൂ എന്ന സ്ഥിതി വന്നു. പകരക്കാരനായി തന്റെ വിശ്വസ്തരിൽ ഒരാളെ രാജസ്ഥാനിൽ ഭരണം ഏൽപ്പിക്കാനുള്ള സാധ്യതയും ​ഗെലോട്ടിനുണ്ടായില്ല. അധ്യക്ഷതെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി ചർച്ച എന്ന അദ്ദേഹത്തിന്റെ ആവശ്യവും പാർട്ടി അം​ഗീകരിച്ചില്ല. ഇതിനിടെയാണ് 90 എംഎൽഎമാർ പുതിയ‌ നീക്കവുമായി രം​ഗത്തെത്തിയത്. 

Read Also: 'ഹൈക്കമാൻഡിനെ അപമാനിച്ചു'; ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ

 ഒന്നുകിൽ ​ഗെലോട്ട് മുഖ്യമന്ത്രി‌‌‌യായി തുടരണം അല്ലെങ്കിൽ അദ്ദേഹം തീരുമാനിക്കുന്ന വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തെത്തണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. സർക്കാർ താഴെ വീഴുമെന്നുണ്ടെങ്കിലും ഇതേ ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നാണ് രാജസ്ഥാൻ സ്പീക്കർ പറഞ്ഞത്. ​ഗെലോട്ടിനെതിരെ 2020ൽ സച്ചിൻ പൈലറ്റിന്റെ ഭാ​ഗത്തുനിന്നുണ്ടായ വിമതനീക്കവും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്ന വ്യക്തി വേണ്ടേ മുഖ്യമന്ത്രിസ്ഥാനത്ത് വരേണ്ടതെന്നും എംഎൽ‍എമാർ ചോദിക്കുന്നു. 

Read Also: '2 വര്‍ഷം മുമ്പ് ബിജെപിയുമായി ചേര്‍ന്ന് നടത്തിയ നീക്കം മറന്നിട്ടില്ല', സച്ചിന്‍ പൈലറ്റിനെതിരെ ഗെലോട്ട് പക്ഷം

Follow Us:
Download App:
  • android
  • ios