പുതുതായി ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചിൽ മാലിന്യം ചിതറിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. യാത്രക്കാരുടെ പൗരബോധമില്ലായ്മയെക്കുറിച്ചുള്ള സംവാദത്തിന് ഈ സംഭവം കാരണമായി.
ദില്ലി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഒടുവിൽ ട്രാക്കിലെത്തിയിരിക്കുകയാണ്. ജനുവരി 17ന് പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ബംഗാളിലെ ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സർവീസ്. എന്നാൽ, പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പറിന്റെ ഫ്ലോറിൽ ചിതറിക്കിടക്കുന്ന ഭക്ഷണ മാലിന്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിനും ചർച്ചയ്ക്കും കാരണമായിരിക്കുകയാണ്.
ഒരു കോച്ചിന്റെ ഫ്ലോറിൽ കിടക്കുന്ന ഒഴിഞ്ഞ പേപ്പർ കപ്പുകളും ഉപയോഗിച്ച സ്പൂണുകളുമാണ് വീഡിയോയിൽ കാണാനാകുക. ട്രെയിനിന്റെ ഉദ്ഘാടന ദിവസം റെക്കോർഡ് ചെയ്‌തതാണെന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങൾ റെഡ്ഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. “ഇത് നോക്കൂ. ഇത് റെയിൽവേയുടെ തെറ്റാണോ? സർക്കാരിന്റേതാണോ? അതോ നമ്മുടെ സ്വന്തം തെറ്റാണോ?” എന്ന ചോദ്യമാണ് വീഡിയോ പകർത്തിയയാൾ ചോദിക്കുന്നത്. യാത്രക്കാർക്കിടയിലെ അടിസ്ഥാനപരമായ പൊതു ഉത്തരവാദിത്തത്തിന്റെ അഭാവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചർച്ച സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ആളുകൾക്ക് ഒരു സീറ്റിന് 2,000 മുതൽ 10,000 രൂപ വരെ നൽകാം, എന്നിട്ടും പൗരബോധമുണ്ടാകുന്നില്ലെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ഉയർന്ന ടിക്കറ്റ് നിരക്കുകൾ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുമെന്ന മുൻ ധാരണകളെ മറ്റൊരു ഉപയോക്താവ് ചോദ്യം ചെയ്തു. മനുഷ്യൻമാർ നല്ല കാര്യങ്ങൾക്ക് അർഹരല്ലെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം. കമന്റുകളുടെ കൂട്ടത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷിക്കണമെന്ന് നിർദ്ദേശിക്കുന്നവരുമുണ്ട്. ഇത്തരക്കാർക്ക് പിഴ ചുമത്തണമെന്നും ഭാവിയിൽ അവരെ ബുക്കിംഗിൽ നിന്ന് തടയണമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ദീർഘദൂര റെയിൽ യാത്രയിൽ വിപ്ലവകരമായ മാറ്റമാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് കൊണ്ടുവന്നിരിക്കുന്നത്. ഉയർന്ന വേഗതയും മെച്ചപ്പെട്ട സുഖസൗകര്യങ്ങളും ഒരുപോലെ ഉറപ്പാക്കുന്ന വന്ദേ ഭാരത് സ്ലീപ്പറുകൾ സുരക്ഷയുടെ കാര്യത്തിലും മികച്ചു നിൽക്കുന്നു. മൊത്തം 823 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന 16 ആധുനിക കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. കൂടാതെ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


