അത്യാവശ്യമെന്ന് പറഞ്ഞ് ബൈക്കിന് ലിഫ്റ്റ് ചോദിച്ചു; സ്ഥലമെത്തിയപ്പോൾ സ്വഭാവം മാറി, മോഷണക്കേസിൽ 3 പേർ പിടിയിൽ
3.2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം യുവാവിൽ നിന്ന് മോഷ്ടിച്ചത്. തുടർന്ന് എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ക്യാമറ ദൃശ്യങ്ങൾ തെളിവായി.
ചെന്നൈ: ബൈക്കിൽ പോകുന്നതിനിടെ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ച സംഘം യുവാവിന്റെ സ്വർണാഭരണങ്ങളും പണവും കൊള്ളയിടിച്ചു. യുവാവിന്റെ പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സംഘം മൂന്ന് പേരെ പിടികൂടി. ഇവരിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളാണ് സംഘം കൊള്ളയടിച്ചത്.
തമിഴ്നാട്ടിലെ തിരുവൻമിയൂരിലാണ് സംഭവം. പലവക്കം സ്വദേശിയായ ദിലീപ് റോബർട്ട് എന്ന 30 വയസുകാരൻ ബൈക്കിൽ വരുന്നതിനിടെ എൽ.ബി റോഡിൽ ജയന്തി തീയറ്റർ ജംഗ്ഷനിൽ വെച്ചാണ് സംഘം ബൈക്കിന് കൈ കാണിച്ചത്. തങ്ങളുടെ ഒരു സുഹൃത്ത് അപകടം പറ്റി കിടക്കുകയാണെന്നും എത്രയും വേഗം അവിടേക്ക് എത്തേണ്ടതുണ്ടെന്നും പറഞ്ഞ ശേഷം ലിഫ്റ്റ് ചോദിച്ചു. ടൈഡർ പാർക്കിലേക്കാണ് ഇവർ യുവാവിനൊപ്പം പോയത്.
എന്നാൽ പറഞ്ഞ സ്ഥലത്ത് എത്തിയതും ബൈക്കിൽ നിന്ന് ഇറങ്ങിയവരുടെ സ്വഭാവം മാറി. ദിലീപിന്റെ മാല ഉൾപ്പെടെയുള്ള ആഭരണങ്ങളും പണവും പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ദിലീപ് തിരുവൻമിയൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. 20കാരനായ മാധവൻ, 23കാരനായ കലൈമണി എന്നിവർക്കൊപ്പം ഒരു കുട്ടിയും കേസിൽ പിടിയിലായിട്ടുണ്ട്.
പിടിയിലായ രണ്ട് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്ത പ്രതിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. ഈ സംഘം സമാനമായ തരത്തിൽ വേറെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ് ഇപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം