ആരുടേയും ഭക്ഷണരീതി മാറ്റണമെന്നല്ല ആവശ്യപ്പെടുന്നത്. പക്ഷേ ഹിന്ദു വിഭാഗത്തിലുള്ളവര്‍ താമസിക്കുന്ന മേഖലയില്‍ ബീഫ് കഴിക്കരുതെന്ന ലക്നൌവ്വിലെ ദാറുല്‍ ഉലൂമിന്‍റെ പ്രസ്താവന പലതവണ താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഹിമാന്ത ബിശ്വാസ് ശര്‍മ്മ 

ഹിന്ദു വിഭാഗത്തിലുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ബീഫ് കഴിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ്മ. ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ തിങ്കളാഴ്ചയാണ് അസം മുഖ്യമന്ത്രിയുടെ ആവശ്യം. പശുവിനെ അമ്മയായി കണ്ടാണ് നമ്മള്‍ ആരാധിക്കുന്നത്. ആരുടേയും ഭക്ഷണരീതി മാറ്റണമെന്നല്ല ആവശ്യപ്പെടുന്നത്. പക്ഷേ ഹിന്ദു വിഭാഗത്തിലുള്ളവര്‍ താമസിക്കുന്ന മേഖലയില്‍ ബീഫ് കഴിക്കരുതെന്ന ലക്നൌവ്വിലെ ദാറുല്‍ ഉലൂമിന്‍റെ പ്രസ്താവന പലതവണ താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഹിമാന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു.

ഗോ സംരക്ഷണ ബില്‍ കൊണ്ടുവരുന്നതിനേക്കുറിച്ച് ശനിയാഴ്ചയാണ് അസം ഗവര്‍ണര്‍ ജഗ്ദിഷ് മുഖി പരാമര്‍ശിച്ചത്. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും പശുക്കളെ കൊണ്ടുപോകുന്നത് വിലക്കുന്നത് സംബന്ധിച്ചാണ് ഈ ബില്‍. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച ഓരോ പ്രതിജ്ഞയും നിറവേറ്റുമെന്ന് ഉറപ്പാണെന്നും അസം മുഖ്യമന്ത്രി പറയുന്നു. എന്‍ആര്‍സി സംബന്ധിച്ച പുനപരിശോധനയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷത്തിന് എതിര്‍പ്പുമായി മുന്നോട്ട് പോകാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെയാണ് ജനാധിപത്യം മുന്നോട്ട് പോകുന്നത്. ഒരു സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മദ്രസകള്‍ അടയ്ക്കുമെന്നും ഹിമാന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു. തങ്ങളുടെ വോട്ടുകള്‍ മദ്രസകള്‍ അടയ്ക്കുന്നതിന് എതിരാണെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്. എന്നാലും മദ്രസ അടയ്ക്കലുമായി മുന്നോട്ട് പോകുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona