അസം പ്രക്ഷോഭത്തിനിടെ മരിച്ചവരെ ദാരങ്  ജില്ലയിലെ കൈയേറ്റക്കാര്‍ അവഹേളിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് എംഎല്‍എയുടെ പ്രകോപനപരമായ പരാമര്‍ശം. തുടര്‍ന്ന് എംഎല്‍എക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടായി. 

ഗുവാഹത്തി: അസമില്‍ (Assam) നടന്ന പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷെര്‍മാന്‍ അലി അഹമ്മദ് (sherman ali ahmed) അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് എംഎല്‍എയെ പൊലീസ് (Police) അറസ്റ്റ് ചെയ്തത്. പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോള്‍ വെടിവെപ്പ് നടന്ന ദരാങ് ജില്ലയില്‍ 40 വര്‍ഷം മുമ്പ് അസം പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട എട്ടുപേരെ അവഹേളിച്ചാണ് എംഎല്‍എ പരാമര്‍ശം നടത്തിയത്. കൊല്ലപ്പെട്ടവരെ കൊലപാതകികള്‍ എന്നാണ് എംഎല്‍എ വിശേഷിപ്പിച്ചത്. 

അസം പ്രക്ഷോഭത്തിനിടെ മരിച്ചവരെ ദാരങ് ജില്ലയിലെ കൈയേറ്റക്കാര്‍ അവഹേളിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് എംഎല്‍എയുടെ പ്രകോപനപരമായ പരാമര്‍ശം. തുടര്‍ന്ന് എംഎല്‍എക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടായി. നിരവധി സ്റ്റേഷനുകളിലാണ് അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എംഎല്‍എ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാന്‍ കാരണമായെന്നും പാര്‍ട്ടി വിലയിരുത്തി. സംസ്ഥാനത്തെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനും എംഎല്‍എയുടെ പരാമര്‍ശം കാരണമായെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.

സെപ്റ്റംബര്‍ 20ന് ദരാങ്ങില്‍ പൊലീസ് വെടിവെപ്പ് നടന്നത്. കൈയേറ്റ ഭൂമിയില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാനെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയും തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വെടിവെപ്പില്‍ 12 വയസ്സുകാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.