Asianet News MalayalamAsianet News Malayalam

അസം വെടിവെപ്പ്: വെടിയേറ്റയാളുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടി ഫോട്ടോഗ്രാഫര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

പൊലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. വെടിവെപ്പില്‍ ഇയാള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.
 

Assam firing: official photographer hitting dead man
Author
Guwahati, First Published Sep 24, 2021, 1:03 PM IST

ഗുവാഹത്തി: അസം(Assam) പൊലീസ് വെടിവെപ്പില്‍ വെടിയേറ്റയാളെ നെഞ്ചില്‍ ആഞ്ഞുചവിട്ടി ഫോട്ടോഗ്രാഫര്‍(photographer). സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. പൊലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. വെടിവെപ്പില്‍ ഇയാളുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മരങ്ങള്‍ക്ക് അപ്പുറത്ത് നിന്നാണ് നൂറുകണക്കിന് പൊലീസുകാര്‍ വെടിയുതിര്‍ക്കുന്നത്. ഇതിനിടയിലേക്ക് ലുങ്കി ധരിച്ച ഒരാള്‍ ഓടി വരുന്നതും അയാള്‍ക്ക് നേരെ വെടിയുതിര്‍ത്തിന് ശേഷം പൊലീസ് വളഞ്ഞിട്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍

ഇതിനിടയിലേക്കാണ് ഫോട്ടോഗ്രാഫര്‍ ഓടിയെത്തി വീണുകിടക്കുന്ന ആളെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും. ആദ്യം നോക്കിനിന്ന പൊലീസ് പിന്നീട് ഇയാളെ തടഞ്ഞു. സംഭവത്തില്‍ ബിജയശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ ഇയാളെ ജില്ലാ ഭരണാധികാരികള്‍ ജോലിക്ക് വിളിച്ചതാണ്. കഴിഞ്ഞ ദിവസമാണ് അസം മംഗള്‍ദായിയില്‍ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ സദ്ദാം ഹുസൈന്‍, ഷെയ്ഖ് ഫോരിദ് എന്നിവര്‍ കൊല്ലപ്പെട്ടു. 20പേര്‍ക്ക് പരിക്കേറ്റു. പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റു.

അസമിലുണ്ടായത് ബിജെപിയുടെ ന്യൂനപക്ഷ വേട്ട: കുടിയേറ്റക്കാരായി ചിത്രീകരിച്ച് കൊന്നത് ഇന്ത്യക്കാരെ: സിപിഎം

സ്റ്റേറ്റ് സ്‌പോണ്‍സേഡ് വെടിവെപ്പാണ് അസമില്‍ നടന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സംഭവം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. അനധികൃതമായി വെട്ടിപിടിച്ച സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. ദാരാങ് ജില്ലാ അധികൃതര്‍ ഇതുവരെ 800ഓളം കുടുംബങ്ങളെ ഒഴിപ്പിച്ച് 202 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചെന്നും പറയുന്നു.

സിപാജാറില്‍ അനധികൃതമായി കൈയേറി നിര്‍മ്മിച്ച നാല് ആരാധനാലയങ്ങളും തകര്‍ത്തു. കൊവിഡ് കാലത്ത് ആളുകളെ ഒഴിപ്പിക്കുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് പറഞ്ഞു. ജൂണ്‍ ഏഴിന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയാണ് ഭൂമി ഒഴിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുടിയൊഴിപ്പിക്കല്‍ കേസ് കോടതി പരിഗണനയിലിരിക്കെ വിധി വരും മുമ്പാണ് പൊലീസിനെ വിട്ട് വെടിവെച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
 

Follow Us:
Download App:
  • android
  • ios