ദില്ലി: പ്രളയക്കെടുതിയിൽ പെട്ട അസമിന് കേന്ദ്രത്തിന്‍റെ അടിയന്തര സഹായമായി 346 കോടി രൂപ. ആദ്യ ഘട്ടമെന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്. അസമിലെ 26 ജില്ലകളെ പ്രളയം ബാധിച്ചു. ഇത് വരെ 89 പേർ മരിച്ചുവെന്നാണ് അസം ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന റിപ്പോർട്ട്. സംസ്ഥാനത്താകെ 26,31,143 പേരെ പ്രളയം ബാധിച്ചു.

ഗോൽപോര ജില്ലയെയാണ് പ്രളയം എറ്റവും രൂക്ഷമായി ബാധിച്ചത്. ഇവിടെ മാത്രം 4 ലക്ഷത്തിലേറെ പേർ ദുരന്തബാധിതരാണ്. ബർപേട്ട, ലഖ്മിപുർ, ദുബ്‍രി, ദക്ഷിണ സലമാര, ഗോലാഘാട്ട് ജില്ലകളിലും പ്രളയക്കെടുതി രൂക്ഷമാണ്. ഇത് വരെ 391 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാന സർക്കാർ തുറന്നിട്ടുണ്ട്.

കാസിരംഗ ദേശീയോദ്യാനത്തിലെ 120 മൃഗങ്ങൾക്കും പ്രളയത്തിൽ ജീവഹാനി സംഭവിച്ചു. 147 മ‍ൃഗങ്ങളെ രക്ഷപ്പെടുത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.