കേന്ദ്ര സര്‍ക്കാരിന് പിന്നാലെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്കുള്ള വാതില്‍ തുറന്ന് അസം. അസം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റേതാണ് തീരുമാനം. സംസ്ഥാന സിവില്‍ സര്‍വ്വീസുകളിലേക്കാണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം.

സാധാരണ ഗതിയില്‍ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങളായി മാത്രം അപേക്ഷകരെ വേര്‍തിരിക്കുമ്പോഴാണ് അസമിന്‍റെ അനുകരണീയമായ മാതൃക പുറത്ത് വരുന്നത്. സെപ്തബംര്‍ 15 പുറത്തിറങ്ങിയ നോട്ടിഫിക്കേഷനില്‍ ടാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ട്രാന്‍സ് ജെന്‍ഡര്‍ എന്ന കാറ്റഗറയില്‍ അപേക്ഷിക്കാം. ലിംഗ സമത്വം ഉറപ്പാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ജോലികളില്‍ ട്രാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ ഈ തീരുമാനം ആദ്യമായി പ്രാബല്യത്തില്‍ വരുത്തുന്ന സംസ്ഥാനമാണ് അസം.

ഒക്ടോബര്‍ 25നായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഇതുവരെ 83251 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 42 പേരാണ് ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ളത്. നിലവിലെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് നാല്‍പ്പത്തിരണ്ടുപേര്‍ അപേക്ഷിച്ചത് വലിയ കാര്യമെന്നാണ് അസം സ്റ്റേറ്റ് ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍ പേഴ്സണ്‍ സ്വാതി ബിദാന്‍ ബറുവ വിശദമാക്കുന്നത്.