അസം: അസമില്‍ പൂര്‍ണ ഗര്‍ഭിണിയോട് ആരോഗ്യവകുപ്പിന്‍റെ ക്രൂരത. 102 ആംബുലന്‍സ് അനുവദിക്കാത്തതിനാൽ താല്‍ക്കാലികമായി തയ്യാറാക്കിയ സ്ടെക്ച്ചറിർ യുവതിയെ ആശുപത്രിയിലെത്തിച്ചു. മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് കവറ് കൊണ്ട് പൊതിഞ്ഞതിന് ശേഷം രണ്ട് ബന്ധുക്കള്‍ ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ നടന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ അസമിലെ ഉദല്‍ഗിരി വില്ലേജിലെ ചിരാങ്ങിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ 102 ആംബുലന്‍സ് വിളിച്ച് ബന്ധുക്കൾ കാത്തിരുന്നു. പ്രദേശത്ത് വാഹന സൗകര്യം ഇല്ലാത്തതിനാലാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ, മണിക്കൂറൂകളോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. യുവതിയുടെ നില ഗുരുതരാവസ്ഥയിലായതോടെ മറ്റൊരു വഴിയുമില്ലാത്തതിനെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ താല്‍ക്കാലിക സ്ട്രെക്ചര്‍ തയ്യാറാക്കി.

കട്ടിലില്‍ കിടത്തി യുവതിയെ തുണി കൊണ്ട് മൂടി. പക്ഷേ, കനത്ത മഴയെത്തുടർന്ന് വീടിന് പുറത്ത് ഇറങ്ങാൻ കഴിയാതായതോടെ യുവതിയെ കറുത്ത പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടുമൂടി. തുടർന്ന് താല്‍ക്കാലിക സ്ട്രെക്ചറുമായി ബന്ധുക്കൾ ആശുപത്രിയിലേക്ക് തിരിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരം നടന്നാണ് ബന്ധുക്കൾ യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതിനിടെ വഴിയില്‍ വച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി.

ആശുപത്രിയിലെത്തിക്കുമ്പോഴും അമ്മയെയും കുഞ്ഞിനെയും കറുത്ത പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. ആംബുലന്‍സ് വിളിച്ച് കുറേ സമയം കാത്തിരുന്നിട്ടും എത്താതായപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. റോഡ് സൗകര്യം കുറവായതിനാല്‍ നേരത്തെയും രോഗികളെ ഇതുപോലെ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, ആംബുലന്‍സ് ലഭ്യമാക്കാത്തതിനെക്കുറിച്ച് അസം ആരോഗ്യവകുപ്പ് ഇതുവരെ  പ്രതികരിച്ചിട്ടില്ല.