ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് രാജ്യം വിടാൻ അസമിലെ സോണിത്പുർ ഭരണകൂടം നിർദേശിച്ചു. 1950-ലെ കുടിയേറ്റ നിയമപ്രകാരം ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്. ഒരു വർഷമായി ഇവരെ കാണാനില്ലെന്ന് അധികൃതർ

ദില്ലി: ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് ഉടൻ രാജ്യം വിടാൻ അസമിലെ സോണിത്പുർ ജില്ലാ ഭരണകൂടം നിർദേശം നൽകി. 1950-ലെ കുടിയേറ്റ (അസമിൽ നിന്നുള്ള പുറത്താക്കൽ) നിയമം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഈ നിലയിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അഞ്ച് പേരും ഒരു വർഷമായി താമസമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പൊലീസിനും അധികൃതർക്കും മൊഴി നൽകിയത്. ഇവർ ഒളിവിൽ പോയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

സോണിത്പൂർ ജില്ലയിലെ ധോബോകട്ട ഗ്രാമത്തിൽ താമസിച്ചിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും ഇന്ത്യാക്കാരല്ലെന്നാണ് ട്രൈബ്യൂണൽ വിധി. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ കുമാർ ദാസ് ഒപ്പിട്ട ഉത്തരവുകൾ പ്രകാരം, സോണിത്പൂരിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ നമ്പർ 2 ലേക്ക് ഇവർക്കെതിരായ കേസുകൾ റഫർ ചെയ്തിരുന്നു. ഇവർ വിദേശികളെന്നാണ് ഈ വർഷം ട്രൈബ്യൂണൽ വിധിച്ചത്.

ഈ ഉത്തരവ് നടപ്പാക്കാനാണ് ഇവർക്ക് രാജ്യം വിടാനുള്ല നോട്ടീസ് നൽകിയത്. ഉത്തരവ് നടപ്പാക്കാനായി പൊലീസ് ഗ്രാമത്തിലെത്തിയെങ്കിലും അഞ്ച് പേരെയും കണ്ടെത്താനായില്ല. രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നു. അതിനാൽ തന്നെ അതിർത്തി പൊലീസിന് നാട്ടുകാർ വിവരം നൽകിയെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.