Asianet News MalayalamAsianet News Malayalam

പട്ടിണിക്ക് പരിഹാരമാകാന്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച് പിതാവ്; 3 പേർ അറസ്റ്റിൽ

​ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ദിപക് ലോക്ക്ഡൗണിനെ തുടർന്നാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തെ പോറ്റാൻ മറ്റ് മാര്‍ഗങ്ങളൊന്നും കാണാതെ വന്നതോടെയാണ് ഇയാള്‍ പിഞ്ചുമകളെ വിറ്റത്

assam labour sells 15 day old daughter due to poverty
Author
Assam, First Published Jul 25, 2020, 12:04 PM IST

ദിസ്പൂർ: പതിനഞ്ച് ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച് പിതാവ്. അസമിലെ കൊക്രാജറിലാണ് സംഭവം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം നിലച്ച് കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളിയാണ് തന്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പിതാവ് ദിപക് ബ്രഹ്മ ഉൾപ്പടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 2 നാണ് ദിപക് തന്റെ മകളെ രണ്ട് സ്ത്രീകള്‍ക്ക് വിറ്റത്. സംഭവം അറിഞ്ഞ ഭാര്യയും ഗ്രാമവാസികളും പൊലീസില്‍ പരാതി നൽകുകയായിരുന്നു. 45,000 രൂപയ്ക്കാണ് ഇയാൾ കുഞ്ഞിനെ വിറ്റത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

​ഗുജറാത്തിൽ ജോലി ചെയ്തിരുന്ന ദിപക് ലോക്ക്ഡൗണിനെ തുടർന്നാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തെ പോറ്റാൻ ഇയാൾ കഷ്ടപ്പെട്ടു. ഈ സമയത്താണ് ദിപക്കിന്റെ ഭാ​ര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ജോലിക്ക് വേണ്ടി പലരുടെയും മുന്നിൽ ദിപക് എത്തിയെങ്കിലും ആരും അയാളെ സഹായിച്ചില്ലെന്നും ഇതോടെയാണ് കുഞ്ഞിനെ വിൽക്കാൻ തയ്യാറായതെന്നും പൊലീസ് പറയുന്നു.

കുട്ടികളില്ലാത്തതു കൊണ്ടാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളും മൊഴി നൽകി. മൂവർക്കുമെതിരെ മനുഷ്യക്കടത്ത് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios