തേസ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെലികോപ്റ്ററില്‍ പറന്ന് ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ. അഞ്ചു കിലോമീറ്റര്‍ മാത്രമുള്ള യാത്രയ്ക്ക് വേണ്ടിയാണ് മന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. അന്തരിച്ച ബിജെപി എംഎല്‍എ രാജന്‍ ബോര്‍താക്കൂറിന്‍റെ വസതി സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.

തേസ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗൊരോയ്മാരിയിലാണ് രാജന്‍ ബോര്‍താക്കൂറിന്‍റെ വീട്.  ശനിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് തേസ്പൂരിലെത്തിയ മന്ത്രിക്ക് ഗൊരോയ്മാരിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. മന്ത്രിയെത്തുന്നെന്ന് അറിഞ്ഞ് ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ പ്രതിഷേധവുമായി ദേശീയ പാത 15 ഉപരോധിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം ഗൊരോയ്മാരിയിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് ഉദ്യോഗസ്ഥര്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ അറിയിച്ചു. ഇതോടെ അദ്ദേഹം ഹെലികോപ്റ്ററില്‍ യാത്ര തുടരുകയായിരുന്നു. 

Read More: നാവികസേനയുടെ രഹസ്യം ചോര്‍ത്തിയത് പാകിസ്ഥാന് വേണ്ടിയോ? അന്വേഷിക്കാന്‍ എന്‍ഐഎ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ഈ മേഖലയിലൂടെ കടന്നുപോയ ബിജെപി എംഎല്‍എമാരെയും കരിങ്കൊടി കാണിച്ചു.