ദില്ലി/ഗുവാഹത്തി: ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമിലെ ജനതയ്ക്ക് അപ്പീല്‍ നല്‍കാനുള്ള കാലപരിധി നീട്ടിയേക്കും. നേരത്തെ 120 ദിവസമാണ് പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചത്. കാലപരിധി വര്‍ധിപ്പിക്കണമെന്നാവശ്യത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്‍ ആര്‍ സി(ദേശീയ പൗരത്വ പട്ടിക) യിലെ വിവര ശേഖരണത്തിനും പുറത്തായവര്‍ക്ക് നോട്ടീസ് ലഭിക്കാനും കാലതാമസമുണ്ടാകുമെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടികാണിച്ചിരുന്നത്. ഇത് പരിഗണിച്ചാണ് കാലപരിധി വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.

പട്ടിക പ്രസിദ്ധീകരിച്ച ഓഗസ്റ്റ് 31 മുതല്‍ 120 ദിവസമാണ് അപ്പീല്‍ നല്‍കാനായി അനുവദിച്ചിരുന്നത്. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ ലക്ഷങ്ങൾക്ക് അപ്പീൽ നൽകാനും കേസ് പരിഗണിക്കാനും സംസ്ഥാനത്ത് ആകെയുള്ളത് 300 ഫോറിനേഴ്‍സ് ട്രൈബ്യൂണലുകള്‍ മാത്രമാണ്. അതില്‍ തന്നെ 200 എണ്ണം പട്ടിക പുറത്തുവന്ന ശേഷം പ്രഖ്യാപിച്ചതാണ്.

നേരത്തേ അസം പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയോ, ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയക്കുകയോ ചെയ്യില്ല. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാകുന്നത് വരെ അവരുടെ അവകാശങ്ങളൊന്നും കവർന്നെടുക്കില്ലെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എൻആർസി ലിസ്റ്റിൽ നിന്ന് ഒഴിവായവർക്ക് വേണ്ടിയുള്ള എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും രവീഷ് കുമാർ പറഞ്ഞിരുന്നു. ജുഡീഷ്യൽ പ്രക്രിയയിലൂടെയാണ് എല്ലാ അപ്പീലുകളും പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുക. അപ്പീൽ കാലാവധി കഴിഞ്ഞ ശേഷമേ അപ്പീലുകളിൽ വിചാരണ തുടങ്ങൂ. ട്രൈബ്യൂണലുകളിലും അപേക്ഷ തീർപ്പാക്കിക്കിട്ടാത്തവർക്ക് അസം ഹൈക്കോടതിയിലും അവിടെ നിന്ന് സുപ്രീംകോടതിയിലും ഹർജി നൽകാൻ അവകാശമുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 

ഈ പ്രക്രിയകളിലൂടെയെല്ലാം കടന്ന് പോയി പൗരൻമാരല്ലെന്ന് 'തെളിയിക്ക'പ്പെടുകയോ, മേൽക്കോടതിയെ സമീപിക്കാതിരിക്കുകയോ ചെയ്യുന്നവരെ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് മാറ്റാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. നിലവിൽ ആറ് ഡിറ്റൻഷൻ ക്യാമ്പുകളാണ് അസമിലുള്ളത്. ഗോൽപാര, ദിബ്രുഗഢ്, ജോർഹട്ട്, സിൽച്ചാർ, കൊക്രജാർ, തേസ്‍പൂർ എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളാണ് ഡിറ്റൻഷൻ ക്യാമ്പുകളാക്കിയിരിക്കുന്നത്. 

എന്തെല്ലാം രേഖകൾ?

സുപ്രീംകോടതി വിധി പ്രകാരം, ഒരാൾക്ക് തന്‍റെ പൗരത്വം തെളിയിക്കാനായി ഹാജരാക്കാവുന്നത് 15 രേഖകളാണ്. അസമിൽ ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്, അതായത് 1971-ന് മുമ്പ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതാവണം രേഖ. 1971 മാർച്ച് 24-ന് ശേഷമുള്ള വോട്ടർ ലിസ്റ്റിൽ പേരുണ്ടാവുക, പൗരത്വ സർട്ടിഫിക്കറ്റുണ്ടാവുക, 1971 മാർച്ച് 24-ന് മുമ്പുള്ള റേഷൻ കാർഡുണ്ടാവുക എന്നതാണ് ഇവയിൽ ചിലത്. ഭൂരേഖകളോ, പാസ്പോർട്ടോ, കേന്ദ്രസർക്കാർ നൽകിയ തിരിച്ചറിയൽ രേഖകളോ, സർക്കാർ സർവീസിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളോ, ബാങ്ക്/ പോസ്റ്റോഫീസ് രേഖകളോ, ജനനസർട്ടിഫിക്കറ്റോ ഹാജരാക്കാം. 

എന്നാൽ, ഈ രേഖകളുടെയൊക്കെ സർട്ടിഫൈഡ് കോപ്പി ഹാജരാക്കിയില്ലെങ്കിൽ മിക്കവാറും ആർക്കും പുതിയ അംഗീകൃതരേഖ ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. ചില രേഖകളുടെ അസ്സൽ പകർപ്പ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകേണ്ടി വരും. അതിന് 120 ദിവസം മതിയാകില്ല. രേഖ നൽകിയ ഉദ്യോഗസ്ഥർ കോടതിയിൽ വന്ന് ഹാജരായി സാക്ഷി പറയണം. 19 ലക്ഷം പേരുടെയൊക്കെ രേഖകൾ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി പരിശോധിക്കണം. എളുപ്പമല്ല അത്. എന്തൊരു ഭീമാകാരമായ പ്രക്രിയയാകും അതെന്ന് നിയമവിദഗ്‍ധർ ആശങ്കപ്പെടുന്നു.