ഗുവാഹത്തി: രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ അസ്സം സ്വദേശികളായ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ നടപടി തുടങ്ങി. കൊവിഡ് 19 വ്യാപകമായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ കുടുങ്ങിയത്. അസ്സമിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകളോട് ഇവരുടെ കുടുംബങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരിക്ഷകള്‍ക്കായി ഇവിടുത്തെ കോച്ചിംഗ് സെന്‍ററുകളില്‍ പഠിക്കുന്നത്. അസ്സമില്‍ നിന്നുള്ള 350 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. ഇവരെ കോട്ടയില്‍ നിന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍ വഴി റോഡ് മാര്‍ഗ്ഗം ഗുവാഹത്തിയിലെത്തിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഗുവാഹത്തിയില്‍ നിന്ന് കോട്ടയിലേക്ക് 2000 കിലോമീറ്റര്‍ ഉള്ളതിനാല്‍ സമയം ലാഭിക്കാനായി ഉദ്യോഗസ്ഥരെ ചാര്‍ട്ടേട് വിമാനത്തില്‍ ജയ്പൂരിലെത്തിച്ചു. വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥരെ രാജസ്ഥനിലെത്തിച്ചത്. കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചുകൊണ്ടുപോകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. നേരത്തേ ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനായി ആദിത്യനാഥ് സര്‍ക്കാര്‍ ബസ്സുകള്‍ അയച്ചിരുന്നു.