ഗ്രാൻഡ് റോഡിലെ സെനോരിറ്റ ബാർ ആൻഡ് റെസ്റ്റോറന്റിലായിരുന്നു റെയ്ഡ് നടന്നിരുന്നത്. ഇവിടെ അനധികൃത ഡാൻസ് ബാർ നടത്തുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്നാണ് പൊലീസ് റെയ്ഡിനെത്തിയത്.

മുംബൈ: അനധികൃത ഡാൻസ് ബാറിലെ റെയ്ഡിനിടെ പൊലീസുകാരെ ആക്രമിച്ച നാവിക സേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സൗത്ത് മുംബൈയിലെ ഒരു ഡാൻസ് ബാറിൽ രാത്രി 11.30ഓടെ നടന്ന റെയ്ഡിനിടയിലാണ് നാവിക സേനാ ഓഫീസർ പൊലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ എത്തിയ 32കാരനായ അഭിഷേക് കുമാർ സിംഗിനോട് ബാർ അടച്ചതായി റെയ്ഡ് സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതാണ് കയ്യേറ്റത്തിന് കാരണമായത്. ഗ്രാൻഡ് റോഡിലെ സെനോരിറ്റ ബാർ ആൻഡ് റെസ്റ്റോറന്റിലായിരുന്നു റെയ്ഡ് നടന്നിരുന്നത്. ഇവിടെ അനധികൃത ഡാൻസ് ബാർ നടത്തുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്നാണ് പൊലീസ് റെയ്ഡിനെത്തിയത്. ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് പരിശോധയ്ക്ക് എത്തിയത്.

ഉദ്യോഗസ്ഥനെത്തിയത് മദ്യപിച്ച് ലക്കുകെട്ട നിലയിൽ 

പരിശോധന നടക്കുന്നതിനിടയിലാണ് അഭിഷേക് കുമാർ സിംഗും മൂന്ന് സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിഷേക് കുമാർ സിംഗ്. ബാറിന്റെ കവാടത്തിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർ അഭിഷേക് കുമാർ സിംഗിനേയും സുഹൃത്തുക്കളേയും തടഞ്ഞു. റെയ്ഡ് നടക്കുകയാണെന്നും ബാർ അടച്ചതായും പൊലീസുകാർ പറഞ്ഞതോടെ അഭിഷേക് കുമാർ സിംഗ് ബാറിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ ബാർ മാനേജറും ബാർ അടച്ച വിവരം നാവിക സേനാ ഉദ്യോഗസ്ഥനെ അറിയിച്ചു. ഇത് ശ്രദ്ധിക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനും ആക്രമണത്തിനിരയായി. നാവിക സേനയിൽ നിന്നുള്ളവരാണ് ഇയാൾക്കൊപ്പം ബാറിലെത്തിയ സുഹൃത്തുക്കളുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനും ആണ് നാവിക സേന ഉദ്യോഗസ്ഥനെതിരെ കേസ് ചെയ്തത്. പത്തിലേറെ വർഷങ്ങളുടെ സർവ്വീസുള്ള നാവിക സേനാ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം