Asianet News MalayalamAsianet News Malayalam

യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം! ഈ സമവാക്യം തന്നെയോ 2024ലും; ഇരട്ട എഞ്ചിന്‍ കരുത്തുമായി ബിജെപി

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഉത്തര്‍പ്രദേശ് തൂത്തുവാരി. ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ ബിജെപി വിജയിച്ചു.

Assembly segments wise lead of Parties in Uttar Pradesh before Lok Sabha Election 2024 jje
Author
First Published Sep 13, 2023, 6:00 PM IST

വാരണാസി: 'ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിക്കാം'... കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പാടിപ്പതിഞ്ഞ ഇലക്ഷന്‍ ആപ്തവാക്യമാണിത്. എന്താണ് യുപിക്ക് ലോക്‌സഭാ തെര‌ഞ്ഞെടുപ്പില്‍ ഇത്ര പ്രത്യേകത. 20 കോടിയിലേറെ ജനസംഘ്യ വരുന്ന യുപിയിലാണ് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ളത് എന്നതാണ് ഇതിന് കാരണം. അതിനാല്‍തന്നെ യുപിയിലെ 80 സീറ്റുകള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികള്‍ തീരുമാനിക്കുന്ന ഏറ്റവും പ്രധാന ഘടങ്ങളിലൊന്നാണ്. യുപി കഴിഞ്ഞാല്‍ മഹാരാഷ്‌ട്ര(48), ബംഗാള്‍(42), ബിഹാര്‍(40), തമിഴ്‌നാട്(39) എന്നിവയാണ് കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങള്‍. 

2019 ബിജെപി കോട്ട

നിലവില്‍ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയുടെയും ബിജെപിയുടേയും ഉറച്ച കോട്ടയാണ് ഉത്തര്‍പ്രദേശ്. ആര് ചതിച്ചാലും യുപി കൂടെ നില്‍ക്കും എന്ന പ്രതീക്ഷയാണ് ബിജെപിക്ക് 2022 നിയമസഭാ തെരഞ്ഞെടുപ്പിലും കിട്ടിയത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകളില്‍ നിന്ന് തുടങ്ങാം. യുപി 2019ല്‍ ബിജെപിയെ അകമഴിഞ്ഞ് പിന്തുണച്ച സംസ്ഥാനമാണ്. എന്‍ഡിഎ സംസ്ഥാനത്ത് 64 ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ 62ലും ജയം ബിജെപിക്കായിരുന്നു. അപ്‌നാ ദളാണ് അവശേഷിച്ച രണ്ട് സീറ്റുകള്‍ എന്‍ഡിഎ മുന്നണിക്കായി വിജയിച്ചത്. ബിഎസ്‌പി പത്തും എസ്‌പി അഞ്ചും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ ഒന്നും സീറ്റില്‍ ഒതുങ്ങി. രാഷ്‌ട്രീയ ലോക് ദള്‍ അക്കൗണ്ട് തുറന്നില്ല. 

2019ലെ പൊതു തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ വിജയിച്ചത്. ഗാസിയാബാദില്‍ വിജയ് കുമാര്‍ സിംഗ് 5,01,500 വോട്ടുകള്‍ക്ക് വിജയിച്ചതാണ് ഏറ്റവും വലിയ ഭൂരിപക്ഷം. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4,79,505 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. ഓരോ നിയമസഭാ മണ്ഡലങ്ങളുടേയും കണക്കെടുത്ത് പരിശോധിച്ചാല്‍ 403 മണ്ഡലങ്ങളില്‍ 274ലും ബിജെപി വെന്നിക്കൊടി പാറിച്ചു. 

2022 ഉം ബിജെപിക്ക്

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഉത്തര്‍പ്രദേശ് തൂത്തുവാരി. ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ ബിജെപി വിജയിച്ചു. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയ എസ്‌പിക്ക് 111 സീറ്റുകളേ ജയിക്കാനായുള്ളൂ. എന്‍ഡിഎയ്‌ക്ക് എക്‌സിറ്റി പോളുകളില്‍ മുന്നൂറിലേറെ സീറ്റുകള്‍ വരെ പ്രവചിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്‍ഡിഎയിലെ മുഖ്യപാര്‍ട്ടിയായ ബിജെപി സംസ്ഥാനത്ത് അക്കുറി 370 സീറ്റുകളിലാണ് മത്സരിച്ചത്. ഫലം വന്നപ്പോള്‍ 273 സീറ്റുകളുമായി യുപി വീണ്ടും എന്‍ഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതി. എന്‍ഡിഎ വിജയിച്ച 273ല്‍ 255 സീറ്റുകളും പാര്‍ട്ടിക്കാണ് എന്നുള്ളത് സംസ്ഥാനത്തെ ബിജെപിയുടെ കരുത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും കാട്ടിയതാണ്. 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ 255 സീറ്റുകള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതാണ്. പ്രതിപക്ഷത്തിനും അവരുടെ 'ഇന്ത്യാ മുന്നണി'ക്കും ഈ ഭീഷണി എങ്ങനെ മറികടക്കാന്‍ കഴിയും എന്ന് കണ്ടുതന്നെ അറിയണം. 

Read more: രാഹുല്‍ ഗാന്ധി അല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍? 'ഇന്ത്യാ മുന്നണി'യിലെ സാധ്യതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios