നിലവില്‍ 26 രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യൻ ദേശീയ വികസനം ഉൾക്കൊള്ളുന്ന സഖ്യം എന്നര്‍ഥം വരുന്ന ഇന്ത്യാ മുന്നണിയിലുള്ളത്

പാറ്റ്‌ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കമായി 'ഇന്ത്യാ മുന്നണി'യുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ നടക്കുകയാണ്. പ്രതിപക്ഷ നിരയിലെ നേതാക്കളുടെ ശക്തരായ പ്രതിനിധികള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കും. ഹാട്രിക് ഭരണത്തിന് കാത്തിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ താഴെയിറക്കാന്‍ ലക്ഷ്യമിടുന്ന 'ഇന്ത്യാ മുന്നണി' ആരെയാവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുക? കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിയു ലീഡറും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ശക്തമായി രംഗത്ത് വന്നേക്കും. നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവണം എന്ന ആവശ്യം ജനതാദള്‍ യുണൈറ്റഡിനുള്ളില്‍ നിന്ന് ഇതിനകം വന്നുകഴിഞ്ഞു. 

നിലവില്‍ 26 രാഷ്ട്രീയ പാര്‍ട്ടികളാണ് 'ഇന്ത്യൻ ദേശീയ വികസനം ഉൾക്കൊള്ളുന്ന സഖ്യം' എന്നര്‍ഥം വരുന്ന ഇന്ത്യാ മുന്നണിയിലുള്ളത്. ഇതിലെ ഏറ്റവും വലിയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ. കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരാന്‍ സാധ്യതയുള്ള പേര് രാഹുല്‍ ഗാന്ധിയുടേതാണെങ്കിലും ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാറിന്‍റെ പേര് ഇതിനകം ചര്‍ച്ചകളിലേക്ക് വന്നുകഴിഞ്ഞു. നിതീഷിന്‍റെ വസതിയില്‍ നടന്ന പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് ഈ ആവശ്യം ശക്തമായി ഉയര്‍ന്നത്. ബിഹാറിലെ 40 മണ്ഡലങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിടിക്കണം എന്ന നിര്‍ദേശം നിതിഷ് കുമാര്‍ യോഗത്തില്‍ തന്‍റെ നേതാക്കള്‍ക്ക് നല്‍കി. നിതീഷ് കുമാറിനോളം വികസനം മറ്റൊരു മുഖ്യമന്ത്രിയും ബിഹാറില്‍ നടത്തിയിട്ടില്ല എന്ന പ്രചാരണവും സംസ്ഥാനത്ത് ജെഡിയുവിനുണ്ട്. നിതീഷ് കുമാര്‍ രാജ്യത്തെ നയിക്കാന്‍ മുന്നോട്ടുവരണം എന്ന ആവശ്യം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട് എന്നാണ് സൂചനകള്‍. 

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഞാനില്ല എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള നേതാവാണ് നിതീഷ് കുമാര്‍. ഇന്ത്യാ മുന്നണിയില്‍ വലിയ ചുമതലകള്‍ വഹിക്കാനുള്ള ഒരാഗ്രഹവും തനിക്കില്ല എന്ന് നിതീഷ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് വ്യക്തമാക്കിയിരുന്നു. എങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നും ബ്ലോക്ക് പ്രസിഡന്‍റുമാരില്‍ നിന്നും ശക്തമായ ആവശ്യം മുന്നോട്ടുവന്ന സാഹചര്യത്തില്‍ നിതീഷ് കുമാര്‍ നിലപാട് മാറ്റുമോ എന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എം കെ സ്റ്റാലിന്‍, മമതാ ബാനര്‍ജി, ശരത് പവാര്‍, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ ഇന്ത്യാ മുന്നണിയിലെ കരുത്തരായ നേതാക്കളില്‍ ഒഴിച്ചുകൂടാനാവാത്തതും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവാന്‍ പോവുന്ന നേതാക്കളില്‍ ഒരാളുമായിരിക്കും നിതീഷ് കുമാര്‍ എന്ന് ഉറപ്പാണ്. 18 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. നിലവില്‍ 16 സീറ്റുകളാണ് ബിഹാര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ജെഡിയുവിന് ലോക്‌സഭയിലുള്ളത്. സീനിയര്‍ നേതാവാണ് എന്നുള്ളതും സോഷ്യലിസ്റ്റ് മുഖവും നിതീഷിന് ഗുണമായേക്കാവുന്ന ഘടകമാണ്. 

Read more: ഇന്ത്യാ മുന്നണി ദുര്‍ബലമോ? 10 പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ ആളില്ല, രണ്ടക്കമുള്ളത് നാലേ നാല് കൂട്ടര്‍ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം