ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ പകര്‍ത്തപ്പെട്ട ചിത്രങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. യുട്യൂബിലൂടെ പുലിസ്റ്റര്‍ ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡാന കനേഡിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ട് പുറകേ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് പുലിറ്റ്സർ പുരസ്കാര നേട്ടം. ദി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ചന്നി ആനന്ദ്, മുക്താര്‍ ഖാന്‍, ദര്‍ യാസിന്‍ എന്നീ ഫോട്ടോഗ്രാഫര്‍മാരാണ് 2020 ലെ പുലിസ്റ്റര്‍ പുരസ്കാരം നേടിയത്. കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ യുട്യൂബിലൂടെ ഇന്നലെയാണ് പുലിറ്റ്സർ പുരസ്കാരം പ്രഖ്യാപിച്ചത്. 

ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവിയായ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഈ കര്‍ഫ്യൂ കാലത്ത് എടുത്ത ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ പുരസ്കാരം ലഭിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മഹാമാരിയെ തുടര്‍ന്ന് ലോകം മുഴുവനും ലോക്ഡൗണില്‍ കിടക്കുന്നതിനിടെ, പുലിറ്റ്സര്‍ ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡാന കനേഡി യൂട്യൂബിലൂടെയാണ് ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം നടത്തിയത്. 

ജമ്മുകാശ്മീരിലെ കര്‍ഫ്യൂവിന് ഇടയില്‍ സാഹസികമായാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വിജയികള്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഇന്‍റര്‍നെറ്റ് ബന്ധവും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്ത്, ക്യാമറ പച്ചക്കറി ബാഗില്‍ ഒളിപ്പിച്ച് വച്ചും വീടുകളില്‍ ഒളിച്ചിരുന്നുമാണ് ചിത്രങ്ങള്‍ എടുത്തതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. കശ്മീരിലെ സംഘര്‍ഷാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് ഇവര്‍ ഒപ്പിയെടുത്തതെന്ന് അവാര്‍ഡ് ദാന സമിതി വിലയിരുത്തി. 

View post on Instagram

അതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്നാണ് ദര്‍ യാസിന്‍ തന്‍റെ ചിത്രങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതെന്ന് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ നടക്കുന്ന കാര്യങ്ങള്‍ നിശബ്ദമായി പോകരുതെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും ദര്‍ യാസിന്‍ പറഞ്ഞു. മുക്താര്‍ ഖാനും യാസിന്‍ ദറും ശ്രീനഗര്‍ സ്വദേശികളും , ചന്നി ആനന്ദ് ജമ്മു സ്വദേശിയുമാണ്. ഇവരുടെ ധൈര്യം, കഴിവ്, ഇച്ഛാശക്തി, കൂട്ടായ പ്രയത്നം എന്നിവയുടെ നേട്ടമാണ് പുലിസ്റ്റര്‍ സമ്മാനമെന്ന് അസോസിയേറ്റഡ് പ്രസ് എക്സിക്യുട്ടീവ് എഡിറ്റര്‍ വിശദമാക്കി. 

പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ മികച്ച വര്‍ക്കിന് നൽകപ്പെടുന്ന അമേരിക്കൻ പുരസ്കാരമാണ്‌ പുലിറ്റ്സർ. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ നിയന്ത്രിക്കുന്നത്. പ്രശസ്തിപത്രവും പതിനായിരം ഡോളറുമാണ് സമ്മാനം.