ഹൈദരാബാദ്: ശനിയാഴ്ചയാണ് തെലങ്കാനയില്‍ ആദ്യ കൊവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തത്. 74 വയസ്സുള്ളയാള്‍ ഹൈദരാബാദിലാണ് മരിച്ചത്. മരണത്തിന് ശേഷം ഇയാളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മരണം കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യമില്ലാതെയായിരുന്നു ഇയാളുടെ മൃതദേഹം സംസ്‌കരിച്ചത്. ശനിയാഴ്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാരം നടത്തിയത്. ഇയാളുടെ കുടുംബം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 

പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രകാരം സംസ്‌കാരത്തിന് 20 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. മരിച്ചതിന് ശേഷമാണ് അദ്ദേഹം കൊവിഡ് 19 ബാധിച്ചയാളാണെന്ന് അറിഞ്ഞതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവും പറഞ്ഞു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഞായറാഴ്ച മൂന്ന് പേര്‍്ക്കുകൂടി കൊവിഡ് ബാധിച്ചതോടെ സംസ്ഥാന്ത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 70 ആയി. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനം വിട്ടുപോകാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി അതിഥി തൊഴിലാളികളോട് ആവശ്യപ്പെട്ടു.